എഡിബി സംഘത്തെ ഡിവൈഎഫ്ഐക്കാര്‍ കരിഓയില്‍ ഒഴിച്ചു; കരണത്തടിക്കണമെന്ന് വിഎസ് പറഞ്ഞ എബ്രഹാം ഇടതു സര്‍ക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയുമായി

webtech_news18
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുള്ള പുനര്‍നിര്‍മ്മാണത്തിന് ലോകബാങ്കില്‍ നിന്ന് വായ്പ എടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെ എ.ഡി.ബിയ്‌ക്കെതിരായ സി.പി.എമ്മിന്റെ മുന്‍നിലപാട് ചൂണ്ടിക്കാട്ടി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി.ടി ചാക്കോ.യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എ.ഡി.ബി വായ്പ എടുക്കാനുള്ള തീരുമാനം അട്ടിമറിക്കാന്‍ ഇടതുപക്ഷം വമ്പിച്ച പ്രക്ഷേഭം അഴിച്ചു വിട്ടു. എഡിബി സംഘത്തെ ഡിവൈഎഫ്ഐക്കാര്‍ കരി ഓയില്‍ ഒഴിച്ചു. എംജിപി സെക്രട്ടറി ഡോ. കെ.എം ഏബ്രഹാമിന്റെ കരണത്തടിക്കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നു പ്രസംഗിച്ചു. കരണത്തടി മേടിച്ചു നേടിയെടുത്ത ആ വായ്പയിലുടെയാണ് സര്‍ക്കാര്‍ വകുപ്പുകളുടെ കംപ്യൂട്ടറൈസേഷന് തുടക്കമിട്ടത്. ഡോ. കെ.എം ഏബ്രഹാം പിന്നീട് പിണറായി സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായി. സര്‍വീസില്‍ നിന്നു വിരമിച്ച അദ്ദേഹം കിഫ്ബിയുടെ നായകപദവിയില്‍ ഇപ്പോഴുമുണ്ടെന്നും പി.ടി ചാക്കോ ചൂണ്ടിക്കാട്ടുന്നു.


ഇടതുപക്ഷം വാങ്ങിയ എഡിബി വായ്പയില്‍ ചരടുകള്‍ ഇല്ലെന്നായിരുന്നു അവര്‍ നല്‍കിയ ന്യായീകരണം. പ്രളയ പുനരധിവാസത്തിനു ഇപ്പോള്‍ എഡിബിയുമായി ചര്‍ച്ച നടത്തുമ്പോഴും ഇടതു സര്‍ക്കാര്‍ പറയുന്നു, ഒരു ചരടും ഞങ്ങള്‍ സ്വീകരിക്കില്ലെന്ന്. യുഡിഎഫിനു ചരടിട്ടും എല്‍ഡിഎഫിനു ചരടില്ലാതെയും വായ്പ നല്‍കാന്‍ എഡിബിയുടെ ഭരണഘടനയില്‍ പ്രത്യേക വ്യവസ്ഥ ഉണ്ടത്രേ!- ചാക്കോ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;എഡിബി പുരാണംഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കിട്ടുന്നിടത്തൊക്കെ വിഭവ സമാഹരണം നടത്തുകയാണ്. വിധവയുടെ ചില്ലിക്കാശു മുതല്‍ സുല്‍ത്താന്റെ 700 കോടി വരെ കേരളം നേടിയെടുക്കുക തന്നെ വേണം. ഇതിനിടയില്‍ എഡിബിയില്‍ നിന്നും ലോകബാങ്കില്‍ നിന്നും വായ്പ എടുക്കാനുള്ള ചര്‍ച്ച വിജയിച്ച് നമുക്ക് വലിയൊതു തുക ലഭിക്കട്ടെ.ലോകബാങ്ക്- എഡിബി വായ്പയുടെ കാര്യം പറയുമ്പോഴാണ് ചില പുരാണങ്ങള്‍ ഓര്‍മവരുന്നത്. 1996- 2001ലെ ഇടതുസര്‍ക്കാരിന്റെ അവസാന പാദത്തില്‍ ഉണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എഡിബി വായപ് തേടുകയും ചര്‍ച്ച ഏറെ മുന്നോട്ടു പോകുകയും ചെയ്തിരുന്നു. എന്നാല്‍ 1998ലെ പൊഖ്റാന്‍ ആണവപരീക്ഷണത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതു മൂലം എഡിബി വായ്പ കേരളത്തിന് അപ്പോള്‍ ലഭിച്ചില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പു നേരിട്ട ഇടതുമുന്നണി തോല്ക്കുകയും യുഡിഎഫ് അധികാരത്തിലേറുകയും ചെയ്തു.യുഡിഎഫ് സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 1200 കോടി രൂപയുടെ എംജിപി (മോഡേഷൈസേഷന്‍ ഓഫ് ഗവണ്മെന്റ് പ്രോഗ്രാം) വായ്പയ്ക്ക് വഴിതുറന്നു. ഇത് അട്ടിമറിക്കാന്‍ ഇടതുപക്ഷം വമ്പിച്ച പ്രക്ഷേഭം അഴിച്ചു വിട്ടു. എഡിബി സംഘത്തെ ഡിവൈഎഫ്ഐക്കാര്‍ കരി ഓയില്‍ ഒഴിച്ചു. എംജിപി സെക്രട്ടറി ഡോ. കെ.എം ഏബ്രഹാമിന്റെ കരണത്തടിക്കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നു പ്രസംഗിച്ചു. കരണത്തടി മേടിച്ചു നേടിയെടുത്ത ആ വായ്പയിലുടെയാണ് സര്‍ക്കാര്‍ വകുപ്പുകളുടെ കംപ്യൂട്ടറൈസേഷന് തുടക്കമിട്ടത്. ഡോ. കെ.എം ഏബ്രഹാം പിന്നീട് പിണറായി സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയായി. സര്‍വീസില്‍ നിന്നു വിരമിച്ച അദ്ദേഹം കിഫ്ബിയുടെ നായകപദവിയില്‍ ഇപ്പോഴുമുണ്ട്.2006ല്‍ അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ 1200 കോടിയുടെ എഡിബി വായ്പ എടുത്തിരുന്നു. അഞ്ചു നഗരസഭകളുടെ വികസനത്തിനാണ് ആ തുക വാങ്ങിയത്. ഇടതുപക്ഷം വാങ്ങിയ എഡിബി വായ്പയില്‍ ചരടുകള്‍ ഇല്ലെന്നായിരുന്നു അവര്‍ നല്കിയ ന്യായീകരണം. പ്രളയ പുനരധിവാസത്തിനു ഇപ്പോള്‍ എഡിബിയുമായി ചര്‍ച്ച നടത്തുമ്പോഴും ഇടതു സര്‍ക്കാര്‍ പറയുന്നു, ഒരു ചരടും ഞങ്ങള്‍ സ്വീകരിക്കില്ലെന്ന്.യുഡിഎഫിനു ചരടിട്ടും എല്‍ഡിഎഫിനു ചരടില്ലാതെയും വായ്പ നല്കാന്‍ എഡിബിയുടെ ഭരണഘടനയില്‍ പ്രത്യേക വ്യവസ്ഥ ഉണ്ടത്രേ!പി.റ്റി. ചാക്കോ

>

Trending Now