പാതിരിമാരും പാറമടക്കാരും കുരിശില്‍ തറച്ചു; കോഴികൂവും മുമ്പ് സ്വന്തം പാര്‍ട്ടി തളളിപ്പറഞ്ഞു; കെ.പി.സി.സിയും കെ.സി.ബി.സിയും പി.ടി തോമസിനോട് മാപ്പു പറയണമെന്ന് അഡ്വ. ജയശങ്കര്‍

webtech_news18
തിരുവനന്തപുരം: കേരളത്തെ കാത്തിരിക്കുന്ന മഹാദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങുകയും സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്ത പി.ടി തോമസിനെ അനുകൂലിച്ച് രാഷ്ട്രീയ നിരീക്ഷികനും അഭിഭാഷകനുമായ എ ജയശങ്കര്‍.പ്രളയം പിന്‍വാങ്ങുമ്പോള്‍ കേരളീയ പൊതുസമൂഹം പശ്ചാത്താപത്തോടെ ഓര്‍മ്മിക്കേണ്ട ഒരു രാഷ്ട്രീയ നേതാവാണ് പി.ടി തോമസ് എന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


ഇടുക്കി, താമരശ്ശേരി, മാനന്തവാടി രൂപതകളുടെ പരിധിയില്‍ തുടരെത്തുടരെ ഉരുള്‍പൊട്ടലും മലയിടിയലുമുണ്ടായി ആള്‍നാശവും കൃഷിനാശവും ആവര്‍ത്തിക്കുമ്പോള്‍, പാതിരിമാര്‍ക്കും മനസിലാകുന്നുണ്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തി. ദുരഭിമാനം നിമിത്തം അത് ഏറ്റുപറയുന്നില്ല എന്നു മാത്രം.കെപിസിസിയും കെസിബിസിയും മനസുകൊണ്ടെങ്കിലും ഈ മനുഷ്യപുത്രനോട് മാപ്പു പറയണമെന്നും ജയശങ്കര്‍ ആവശ്യപ്പെടുന്നു.പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:പ്രളയം പിന്‍വാങ്ങുമ്പോള്‍ കേരളീയ പൊതുസമൂഹം പശ്ചാത്തപത്തോടെ ഓര്‍മിക്കേണ്ട ഒരു രാഷ്ട്രീയ നേതാവുണ്ട്- പിടി തോമസ്.അഞ്ചു വര്‍ഷം മുമ്പ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിവാദ വിഷയമായിരുന്ന കാലത്ത്, പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടി നിലകൊണ്ടയാളാണ് തോമസ്. അന്ന് പാതിരിമാരും പാറമടക്കാരും ചേര്‍ന്ന് അദ്ദേഹത്തെ കുരിശില്‍ തറച്ചു. കോഴികൂവും മുമ്പ് സ്വന്തം പാര്‍ട്ടി തളളിപ്പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. എന്നിട്ടും തോമസ് തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു. മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ കാലുപിടിക്കാന്‍ പോയില്ല.ഇടുക്കി, താമരശ്ശേരി, മാനന്തവാടി രൂപതകളുടെ പരിധിയില്‍ തുടരെത്തുടരെ ഉരുള്‍പൊട്ടലും മലയിടിയലുമുണ്ടായി ആള്‍നാശവും കൃഷിനാശവും ആവര്‍ത്തിക്കുമ്പോള്‍, പാതിരിമാര്‍ക്കും മനസിലാകുന്നുണ്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തി. ദുരഭിമാനം നിമിത്തം അത് ഏറ്റുപറയുന്നില്ല എന്നു മാത്രം.കെപിസിസിയും കെസിബിസിയും മനസുകൊണ്ടെങ്കിലും ഈ മനുഷ്യപുത്രനോട് മാപ്പു പറയണം.എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. 
>

Trending Now