
- News18 Malayalam
- Last Updated: December 06, 2021, 22:26 IST
ബെറ്റർ ഡോട്ട് കോം സിഇഒ വിശാൽ ഗാർഗ് (Vishal Garg) ഒരു സൂം കോളിലൂടെ (Zoom Call) കമ്പനിയിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ-ഫസ്റ്റ് ഹോം ഓണർഷിപ്പ് കമ്പനിയായ ബെറ്റർ ഡോട്ട് കോമിന്റെ (Better.com) സിഇഒ (CEO) വിശാൽ ഗാർഗ് യുഎസിലും ഇന്ത്യയിലും ഉള്ള തന്റെ 900 ജീവനക്കാരെയാണ് കഴിഞ്ഞയാഴ്ച ഒരു സൂം കോളിലൂടെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്.
ജീവനക്കാരെ സംബന്ധിച്ച് ഇത് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. ഈ സൂം കോളിന്റെ ഒരു വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. കമ്പനി സിഇഒയുടെ ഈ പ്രഖ്യാപനത്തിൽ നിരവധി പേർ പ്രതിഷേധമറിയിച്ചു.
"നിങ്ങൾ ഈ കോളിലുണ്ടെങ്കിൽ പിരിച്ചുവിടപ്പെടുന്ന നിർഭാഗ്യകരമായ ഗ്രൂപ്പിന്റെ ഭാഗമാണ് നിങ്ങളും" ബുധനാഴ്ച സൂം വീഡിയോ കോളിനിടെ ഗാർഗ് ജീവനക്കാരോട് പറഞ്ഞതായി, സിഎൻഎൻ ബിസിനസ് റിപ്പോർട്ട് ചെയ്തു. "കമ്പനിയിലെ നിങ്ങളുടെ ജോലി ഇതോടെ അവസാനിച്ചു" എന്നും ഗാർഗ് വീഡിയോയിൽ പറയുന്നുണ്ട്.
2016ലാണ് വിശാൽ ഗാർഗ് Better.com സ്ഥാപിച്ചത്. പിരിച്ചുവിട്ട യുഎസിലെ എല്ലാ ജീവനക്കാർക്കും നാലാഴ്ചത്തെ ശമ്പളവും ഒരു മാസത്തെ മുഴുവൻ ആനുകൂല്യങ്ങളും രണ്ട് മാസത്തെ കവർ-അപ്പും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ആനുകൂല്യങ്ങൾ വിശദമാക്കുന്ന ഇ-മെയിൽ എച്ച്ആറിൽ നിന്ന് ലഭിക്കുമെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞു.
"വിപണി മാറിയിരിക്കുന്നു, അതിജീവിക്കാൻ നമ്മൾ അതിനോടൊപ്പം നീങ്ങേണ്ടതുണ്ട്, അതുവഴി നമുക്ക് അഭിവൃദ്ധി പ്രാപിക്കാനും പ്രതീക്ഷയോടെ ലക്ഷ്യങ്ങൾ നിറവേറ്റാനും കഴിയും ”അദ്ദേഹം പ്രഖ്യാപനത്തിന് ആമുഖമായി പറഞ്ഞു.
ഇത് നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയല്ല. പക്ഷേ ഇത് എന്റെ തീരുമാനമാണ്. ഇത് നിങ്ങൾ എന്നിൽ നിന്ന് തന്നെ കേൾക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് തീർച്ചയായും വെല്ലുവിളി നിറഞ്ഞ തീരുമാനമാണ്. എന്റെ കരിയറിൽ ഇത് രണ്ടാം തവണയാണ് ഞാൻ ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്. ഇനിയും ഇത്തരമൊരു കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവസാനമായി ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോൾ ഞാൻ കരഞ്ഞു. ഇത്തവണ ഞാൻ കൂടുതൽ ശക്തനാകുമെന്ന് പ്രതീക്ഷിക്കുന്നു,” ഗാർഗ് പറഞ്ഞു.
“ഞങ്ങൾ കമ്പനിയുടെ ഏകദേശം 15 ശതമാനത്തെ പിരിച്ചുവിടുകയാണ്. നിങ്ങൾ ഈ കോളിൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പിരിച്ചുവിടപ്പെടുന്ന നിർഭാഗ്യകരമായ സംഘത്തിന്റെ ഭാഗമാണ് നിങ്ങളും. കമ്പനിയിലെ നിങ്ങളുടെ ജോലി ഇതോടെ അവസാനിക്കുന്നു“ എന്നാണ് വിശാൽ ഗാർഗ് പ്രഖ്യാപിച്ചത്.
നിക്ഷേപ ഹോൾഡിംഗ് കമ്പനിയായ വൺ സീറോ ക്യാപിറ്റലിന്റെ സ്ഥാപക പങ്കാളി കൂടിയാണ് വിശാൽ ഗാർഗ്.