അടിച്ചുമാറ്റാനായി ഒന്നും കിട്ടിയില്ല; കാര്‍ വൃത്തിയാക്കാന്‍ ഉടമയ്ക്ക് കള്ളന്റെ ധനസഹായം

webtech_news18 , Advertorial
കായംകുളം കൊച്ചുണ്ണിയെ കുറിച്ച് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. പണക്കാരുടെ വസ്തുവകകള്‍ മോഷ്ടിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ആ കള്ളനെ പലവട്ടം നമ്മള്‍ വായിച്ചിട്ടുമുണ്ട്.എന്നാലിതാ അങ്ങ് സൗദി അറേബ്യയിലും കൊച്ചുണ്ണിയുടെ വേരുകള്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നു. കഴിഞ്ഞ

ദിവസം സൗദി സ്വദേശിക്ക് തന്റെ കാറില്‍ നിന്നു കിട്ടിയ കുറിപ്പാണ് ഈ രസകരമായ സംശയത്തിനു കാരണം. രണ്ടാഴ്ചയോളമായി ഞാന്‍ നിങ്ങളെ നിരീക്ഷിക്കുന്നു, പക്ഷെ നിങ്ങളുടെ കാറില്‍ മോഷ്ടിക്കാന്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഞാനൊരു 20 സൗദി റിയാല്‍ ഇവിടെ വെക്കുന്നു. അതെടുത്ത് നിങ്ങള്‍ കാര്‍ ഒന്ന് വൃത്തിയാക്കൂ, എന്നതായിരുന്നു സ്വന്തം കൈപ്പടയില്‍ കള്ളനെഴുതിയ കുറിപ്പ്.രണ്ടാഴ്ചയോളമായി ഇയാളുടെ കാറില്‍ മോഷണം നടത്താനുള്ള ശ്രമത്തിലായിരുന്നു കള്ളന്‍. എന്നാല്‍ വൃത്തികേടായി കിടന്നിരുന്ന കാറില്‍ നിന്ന് അടിച്ചുമാറ്റാന്‍ പറ്റിയതൊന്നും കണ്ടെത്താന്‍ കള്ളനായില്ല. തുടര്‍ന്നാണ് കള്ളന്‍ കുറിപ്പിനൊപ്പം കാര്‍ വൃത്തിയാക്കാനുള്ള പണവും കൂടി കാറില്‍ വെച്ചത്.കാര്‍ വൃത്തികേടായി കിടന്നത് ഉടമയ്ക്ക് ഇപ്പോള്‍ ആശ്വാസമായിരിക്കുകയാണ്. ഒരു ഹൈസ്‌കൂളിനുമുമ്പില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തിരികെ എത്തിയപ്പോഴാണ് കള്ളന്റെ കുറിപ്പ് ഉടമയ്ക്ക് ലഭിക്കുന്നത്. ഉടമ തിരിച്ചെത്തിയപ്പോള്‍ കാറിന്റെ ഡോര്‍ തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കള്ളന്റെ കുറിപ്പ് കണ്ടെത്തിയത്. കള്ളന്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
>

Trending Now