ജീവിതത്തിലേക്ക് തിരിച്ചുകയറിയത് മൽസ്യത്തൊഴിലാളിയുടെ മുതുകിൽച്ചവുട്ടി; ദുരിതകാലത്ത് കൈയടി നേടി ജയ്‌സൽ

webtech_news18
മലപ്പുറം: സമാനതകളില്ലാത്ത ദുരന്തത്തിൽ തളർന്നിരിക്കുന്ന കേരളത്തിന് ആശ്വാസകരമായി നല്ല വാർത്തകളും. സ്വന്തം മുതുകിൽ ചവുട്ടി ബോട്ടിലേക്ക് കയറാൻ വഴിയൊരുക്കി കൈയടി നേടുകയാണ് മത്സ്യത്തൊഴിലാളിയായ യുവാവ്. താനൂർ സ്വദേശിയായ ജയ്‌സൽ കെ.പി എന്ന യുവാവാണ് സമൂഹമാധ്യമങ്ങളിലൂടെ മനംകവർന്നത്. പ്രളയബാധിതമേഖലയിൽ രക്ഷപെട്ട് എത്തിയ സ്ത്രീകൾ ബോട്ടിൽ കയറാനാകാതെ വിഷമിച്ചുനിൽക്കുമ്പോഴാണ് ജയ്‌സൽ കമിഴ്ന്ന് കിടന്ന് മുതുക് കാട്ടി വഴിയൊരുക്കിയത്. മൂന്നു സ്ത്രീകൾ ജയ്‌സലിന്‍റെ ശരീരത്തിൽ ചവുട്ടി ബോട്ടിലേക്ക് കയറി. വേങ്ങരയ്ക്ക് അടുത്ത് മുതലമാടിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു ദുരിതബാധിതർക്ക് ജയ്‌സൽ വഴിയൊരുക്കിയത്.സ്ത്രീകൾ കുടുങ്ങിക്കിടക്കുന്നുവെന്ന ദേശീയ ദുരന്തനിവാരണസേനയുടെ അറിയിപ്പിനെ തുടർന്നാണ് അവരുടെ ബോട്ടിൽ ജയ്‌സലും കൂട്ടരും മുതലമാടിലേക്ക് എത്തിയത്. എല്ലാവരെയും രക്ഷിക്കണമെന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ജയ്‌സൽ ന്യൂസ്18നോട് പറഞ്ഞു. രക്ഷാപ്രവർത്തനഘട്ടത്തിൽ ഇതൊക്കെ സാധാരണ ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സുരക്ഷയും മതിയായ ഉപകരണങ്ങളുമില്ലാതെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് തന്നെപ്പോലെയുള്ള മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത്. നാട്ടുകാരുടെ സഹകരണത്തോടെയും അധികൃതരുടെ കൃത്യമായ മാർഗനിർദേശവും ഉള്ളതുകൊണ്ടാണ് രക്ഷാപ്രവർത്തനം കൂടുതൽ വിജയകരമായി പൂർത്തിയാക്കാനാകുന്നത്. വെള്ളിയാഴ്ച വെള്ളത്തിൽ മുങ്ങിത്താണ 21 മാസം പ്രായമുള്ള കുട്ടിയെ രക്ഷിക്കാനായത് മറക്കാനാകാത്ത അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.


നേരത്തെ നെടുമ്പാശേരി ചെങ്ങമനാട് നിന്ന് ഗർഭിണായിയ സ്ത്രീയെ എയർലിഫ്റ്റിങ്ങിലൂടെ ആശുപത്രിലിയിലെത്തിച്ച നാവികസേനാംഗങ്ങളും വീടിന്‍റെ ടെറസിൽ കുടുങ്ങിയവരെ ഹെലികോപ്റ്റർ മാർഗം രക്ഷപെടുത്തിയ പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജ് കുമാറും സമൂഹമാധ്യമങ്ങളിൽ കൈയടി നേടിയിരുന്നു.
>

Trending Now