ബീഫും പോർക്കും കഴിച്ചിരുന്ന നെഹ്റു പണ്ഡിറ്റ് അല്ല- ബിജെപി എം.എൽ.എ

webtech_news18
ജയ്പുർ: വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിക്കാറുള്ള രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എ ഗ്യാൻ ദേവ് ആഹുജ വീണ്ടും രംഗത്തെത്തി. ഇത്തവണ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെയാണ് ഗ്യാൻ ദേവ്. ബീഫും പോർക്കും കഴിച്ചിരുന്ന നെഹ്റു പണ്ഡിറ്റ് അല്ലായിരുന്നുവെന്നാണ് ഗ്യാൻ ദേവ് ആഹുജ പറയുന്നത്. മാട്ടിറച്ചിയും പോത്തിറച്ചിയും കഴിക്കുന്ന ഒരാൾക്ക് പണ്ഡിറ്റ് ആകാൻ കഴിയില്ല. നെഹ്റുവിന്‍റെ പേരിന് മുന്നിൽ പണ്ഡിറ്റ് എന്ന് ചേർക്കുന്നത് കോൺഗ്രസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ ബി.ജെ.പി ആസ്ഥാനം സന്ദർശിച്ച ശേഷമായിരുന്നു ആഹുജയുടെ പ്രസ്താവന.ജാതി പറഞ്ഞ് തിരഞ്ഞെടുപ്പിൽ വോട്ട് തേടുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് ഗ്യാൻ ദേവ് ആഹുജ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ക്ഷേത്രസന്ദർശനത്തെ ന്യായീകരിച്ച രാജസ്ഥാൻ പി.സി.സി അധ്യക്ഷൻ സച്ചിൻ പൈലറ്റിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ദിര ഗാന്ധിയ്ക്കൊപ്പമാണ് രാഹുൽ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ തുടങ്ങിയതെന്നായിരുന്നു പൈലറ്റിന്‍റെ പ്രസ്താവന. ഇന്ദിരയ്ക്കൊപ്പം രാഹുൽ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടില്ല. താൻ പറയുന്നത് തെറ്റാണെന്ന് തെളിയിച്ചാൽ എം.എൽ.എ സ്ഥാനം രാജിവെക്കാമെന്നും, മറിച്ചായാൽ സച്ചിൻ പൈലറ്റ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കുമോയെന്നും ആഹുജ ചോദിച്ചു.


മുമ്പും വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടംനേടിയിട്ടുള്ളയാളാണ് ഗ്യാൻ ദേവ് ആഹുജ. ജെ.എൻ.യു വിദ്യാർഥികൾക്കെതിരായ പരാമർശവും വലിയ വിവാദമായിരുന്നു. ജെ.എൻ.യു കാംപസിൽ ദിവസവും മൂവായിരത്തിലേറെ ഉപയോഗിച്ച ഗർഭനിരോധന ഉറകളും 2000 മദ്യകുപ്പികളും ഉണ്ടെന്ന് ഗ്യാൻ ദേവ് ആഹുജ നേരത്തെ പറഞ്ഞിരുന്നു.
>

Trending Now