സ്ത്രീത്വത്തെപറ്റി ഞങ്ങളെ പഠിപ്പിക്കാന്‍ മെനക്കെടേണ്ട; നിങ്ങളുടെ ഒരു സാരോപദേശവും വേണ്ട; സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പി.കെ ശശിയുടെ പ്രസംഗം വൈറല്‍

Aneesh Anirudhan
തിരുവനന്തപുരം: ലൈംഗിക ആരോപണക്കുരുക്കില്‍പ്പെട്ട ഷൊര്‍ണൂരിലെ സി.പി.എം എം.എല്‍.എ പി.കെ ശശി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.2017 മേയ് രണ്ടിനാണ് പി.കെ ശശി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെപ്പറ്റിയും അക്കാര്യത്തില്‍ ഇടതു സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയും നിയമസഭയില്‍ കത്തിക്കയറിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ യു.ഡി.എഫിനെ പരിഹസിച്ചായിരുന്നു എം.എല്‍.എയുടെ പ്രസംഗം.

കോണ്‍ഗ്രസ് നേതാക്കളുടെ പേരിലുള്ള ആരോപണങ്ങള്‍ അക്കമിട്ടു നിരത്തിയശേഷമാണ് പി.കെ ശശി ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കിയത്.എം.എല്‍.എ നടത്തിയ പ്രസംഗം ഇങ്ങനെ:'അഭിസാരികയുടെ പേരില്‍ ചാരിത്ര്യ പ്രസംഗം എന്നു കേട്ടിട്ടുണ്ട്. സ്ത്രീത്വത്തെ ബഹുമാനിക്കുന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോഴെങ്കിലും തോന്നിയതില്‍ സന്തോഷമുണ്ട്.'

'കൊല്ലത്തുനിന്ന് സേവാദള്‍ വാളന്റിയറെ മഞ്ചേരിയില്‍ കൊണ്ടുവന്ന് പാതിരാത്രി യോഗാസനം പഠിപ്പിച്ച മഹാനായ നേതാവിന്റെ പാര്‍ട്ടിയല്ലേ? അവര്‍ സ്ത്രീത്വത്തെ പറ്റി പറയുമ്പോള്‍ കേള്‍ക്കാന്‍ നല്ലരസമാണ്. സ്വന്തം പാര്‍ട്ടി ഓഫീസിലെ തൂപ്പുകാരിയെ ഉപയോഗം കഴിഞ്ഞ ശേഷം വെട്ടിനിറുക്കി കുളത്തിലിട്ടു കൊന്ന നേതാക്കന്‍മാരുടെ പാര്‍ട്ടിയാണ്. വള്ളംകളി ഉദ്ഘാടനത്തിനെത്തിയ സിനിമാ നടിയുടെ ശശരീരഭാഗങ്ങളിലാകെ കൈ അടയാളം പതിപ്പിച്ച മഹാന്‍മാരില്‍ മഹാന്‍മാരായ നേതാക്കളുള്ള പാര്‍ട്ടിയല്ലേ നിങ്ങളുടേത്.''അവരാണിപ്പോള്‍ സ്ത്രീത്വത്തെപറ്റി ഞങ്ങളെ പഠിപ്പിക്കാന്‍ മെനക്കെടുന്നത്. നിങ്ങളുടെ ഒരു സാരോപദേശവും ഞങ്ങള്‍ക്കു വേണ്ട. ഞങ്ങള്‍ക്കറിയാം ശരി ഏതാണ്, തെറ്റ് ഏതാണ്. കാക്കകളെയും കുയിലുകളെയും തിരിച്ചറിയാനുള്ള നല്ല വിവേകവും വിവേചന ശക്തിയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനുണ്ട്. ഈ ഗവണ്‍മെന്റ് അതിന്റെ ശരിയായ പാതയിലൂടെ മുന്നോട്ടു പോകും.'

Trending Now