ജെയ്സൽ മാത്രമല്ല; 'മനുഷ്യ പാല'മായി സിയാദും കൈയടി നേടുന്നു

webtech_news18
ബോട്ടിലേക്ക് കയറാൻ ശരീരംകൊണ്ട് വഴിയൊരുക്കിയ ജെയ്സൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ നിറഞ്ഞ കൈയടി നേടിയിരുന്നു. അഭിനന്ദനപ്രവാഹവുമായി നിരവധിയാളുകൾ ജെയ്സലിനെ തേടിയെത്തിയിരുന്നു. മന്ത്രി കെ.ടി ജലീൽ ഉൾപ്പടെയുള്ള പ്രമുഖർ ജെയസലിന്‍റെ ചെറിയ വീട്ടിൽ നേരിട്ട് എത്തിയാണ് അഭിനന്ദനം അറിയിച്ചത്. ഇപ്പോഴിതാ, ജയ്സലിനെപ്പോലെ സ്വന്തം ശരീരം ഉപയോഗിച്ച് വഴിയൊരുക്കി കൈയടി നേടുകയാണ് തിരൂർ കൂട്ടായി സ്വദേശി സിയാദ്. രക്ഷാപ്രവർത്തകർ കൂട്ടിക്കൊണ്ടുവന്ന യുവതിക്ക് വള്ളത്തിലേക്ക് കയറാനാണ് സിയാദ് 'മനുഷ്യ പാല'മായത്.മത്സ്യത്തൊഴിലാളിയായ സിയാദ് നാട്ടുകാരായ നാലുപേർക്കൊപ്പമാണ് രക്ഷാപ്രവർത്തനത്തിനായി ആലുവയിലേക്ക് പോയത്. പൊയിരൂരിൽ താഴത്തെ നില വെള്ളത്തിനടിയിലായ ഒരു വീടിന്‍റെ മുകളിലത്തെ നിലയിലുള്ളവരെ രക്ഷിക്കുകയായിരുന്നു സിയാദിന്‍റെയും കൂട്ടരുടെയും ദൌത്യം. കുട്ടികളെ ആദ്യം വള്ളത്തിലേക്ക് മാറ്റി. വീടിന്‍റെ മതിലിന് മുകളിൽവരെ വെള്ളമുണ്ടായിരുന്നു. ശക്തമായ ഒഴുക്ക് ഉള്ളതിനാൽ വള്ളം മതിലിനോട് ചേർത്ത് നിർത്താനായില്ല. വീട്ടിൽനിന്ന് രക്ഷപെടുത്തി മതിലിന് മുകളിലൂടെ കൊണ്ടുവന്ന യുവതിക്ക് വള്ളത്തിലേക്ക് കയറാൻ സാധിച്ചില്ല. അങ്ങനെയാണ് സിയാദ് മതിലിനും വള്ളത്തിനുമിടയിൽ പാലമായി കമിഴ്ന്ന് കിടന്നത്. യുവതി സിയാദിന്‍റെ പുറത്ത് ചവിട്ടി നടന്ന് തോണിയിലെത്തുകയായിരുന്നു.


രക്ഷാപ്രവർത്തനത്തിനിടെ ആരോ മൊബൈലിൽ പകർത്തിയ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായി കഴിഞ്ഞു. കൂട്ടായി വാടിക്കൽ എ.പി സെയ്ദുവിന്‍റെ മകനായ സിയാദ് കടലോര ജാഗ്രതാ സമിതി വോളണ്ടിയറും സിപിഎം പ്രവർത്തകനുമാണ്.

>

Trending Now