വാജ്പേയി കുമരകത്ത് എത്തിയപ്പോൾ കരിമീന്‍റെ വില കുതിച്ചുയർന്നു!

webtech_news18
പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അടൽ ബിഹാരി വാജ്പേയി അവധിക്കാലം ചെലവിടാൻ കുമരകത്ത് എത്തുന്നത്. 2000ലാണ് വാജ്പേയിയുടെ വരവ്. കുമരകത്തെ പ്രധാനമന്ത്രിയുടെ വാസം കാരണം സമീപപ്രദേശങ്ങളിലെ സുരക്ഷ പൊലീസ് ശക്തമാക്കി. വേമ്പനാട്ട് കായലിലെ മൽസ്യബന്ധനം നിരോധിച്ചു. ഇതു മൽസ്യത്തൊഴിലാളികളുടെ ഇടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായി. പ്രധാനമന്ത്രി വരുന്നതിന് മുമ്പ് ഒരു കിലോ കരിമീന് 60 രൂപയായിരുന്നെങ്കിൽ പിന്നീട് വില കുതിച്ച് ഉയർന്ന് 150 രൂപയിലെത്തി. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് കരിമീന്‍റെ വില ഉയരാൻ കാരണമായത്.
മൽസ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും ചിലർ മീൻ പിടിക്കുന്നതിനായി കായലിൽ ഇറങ്ങി. ഇവരെ കായലിൽ റോന്ത് ചുറ്റിയ സുരക്ഷാസൈനികർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അന്ന് നൂറുകണക്കിന് സുരക്ഷാ സൈനികരാണ് സ്പീഡ് ബോട്ടിൽ വേമ്പനാട്ട് കായലിൽ രാത്രി-പകൽ ഭേദമന്യേ ചുറ്റിക്കറങ്ങിയത്.

പ്രധാനമന്ത്രിയുടെ വരവ് മൽസ്യബന്ധനത്തൊഴിലാളികളിൽ കടുത്ത പ്രതിഷേധമുണ്ടാക്കിയെങ്കിലും കേരളത്തിലെ കായൽ ടൂറിസത്തിന് അത് നൽകിയ ഉണർവ് വളരെ വലുതായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി അവധിക്കാലം ചെലവിടുന്ന സ്ഥലമെന്ന തരത്തിൽ കുമരകത്തിന് അന്ന് ആഗോള വാർത്താപ്രാധാന്യം ലഭിച്ചിരുന്നു. വാജ്പേയി കുമരകത്ത് ചെലവിട്ട നാളുകളിൽ ഇന്ത്യൻ ഭരണസിരാകേന്ദ്രം തന്നെ ഇങ്ങോട്ടുമാറ്റപ്പെട്ടു.
>

Trending Now