ഇടുക്കി അണക്കെട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥന് മര്‍ദ്ദനം; ആക്രമിച്ചത് സ്ത്രീകള്‍ അടങ്ങിയ സംഘം

webtech_news18
ചെറുതോണി ഇടുക്കി ചെറുതോണി അണക്കെട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥന് മര്‍ദനം. ഡാം സന്ദര്‍ശിക്കാനെത്തിയവരുടെ ഭാഗത്തു നിന്നുണ്ടായ സുരക്ഷാവീഴ്ച ചോദ്യം ചെയ്തതിനാണ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം പൊലീസുകാരനെ മര്‍ദ്ദിച്ചത്. ഡാമിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ചന്ദ്ര ബാബു(26)നാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. പൊലീസുകാരന്‍റെ പരാതിയിൽ നരകക്കാനം സ്വദേശിനിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഡി.വൈ.എസ്.പി അന്വേഷിച്ചുവരികയാണ്. അന്വേഷണം പൂർത്തിയായശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.ഇടുക്കി അണക്കെട്ടിന് മുകളിലൂടെ വാഹനത്തിലെത്തിയ സ്ത്രീ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് സുരക്ഷാജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. വാഹനം തടഞ്ഞുനിർത്തി, മൊബൈൽ ഫോൺ കസ്റ്റഡിയിൽ വാങ്ങി. ഇതോടെ വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ പൊലീസുകാരെ അസഭ്യം പറഞ്ഞുകൊണ്ട് പുറത്തിറങ്ങിയത്. ഇതിൽ ഒരു സ്ത്രീ വാഹനത്തിന്‍റെ ഡ്രൈവറിൽനിന്ന് താക്കോൽക്കൂട്ടം വാങ്ങി, അത് ഉപയോഗിച്ച് ശരത് ചന്ദ്ര ബാബുവിന്‍റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ശരത് ചന്ദ്ര ബാബു മറിഞ്ഞുവീണു. തറയിൽവീണുകിടന്ന പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും സ്ത്രീകൾ മർദിക്കാൻ ശ്രമിച്ചെങ്കിലും ഓടിയെത്തിയ മറ്റ് പൊലീസുകാർ അവരെ പിടിച്ചുമാറ്റുകയായിരുന്നു.


വാഹനത്തിനുള്ളിൽ ഡ്രൈവർ ഉൾപ്പടെ മൂന്നു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഇവരെ ഡാം സുരക്ഷാ ജീവനക്കാർ തടഞ്ഞുവെച്ചു. ഇടുക്കി സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഈ സമയം വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങി. അതുവഴി വന്ന മറ്റ് വാഹനങ്ങൾ തടഞ്ഞുനിർത്തി. ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ കടന്നുപോകാൻ ഇവർ അനുവദിച്ചില്ല. ഇടുക്കി സി.ഐ സ്ഥലത്തെത്തി വാഹനവും ആളുകളെയും കസ്റ്റഡിയിലെടുത്തു. ഇവരെ സ്റ്റേഷനിലെത്തിച്ച് പിന്നീട് വിട്ടയച്ചു. മർദ്ദനമേറ്റ പൊലീസുകാരന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസുകാരന്‍റെ പരാതിയിൽ നരകക്കാനം സ്വദേശിനിയായ സ്ത്രീയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.പ്രകൃതിദുരന്തസമയത്ത് രാപ്പകൽ വിശ്രമമില്ലാതെ ജോലി ചെയ്ത ഉദ്യോഗസ്ഥർക്കെതിരായ അതിക്രമത്തിൽ പൊലീസ് സേനയ്ക്കുള്ളിലും നാട്ടുകാർക്കിടയിലും പ്രതിഷേധം വ്യാപകമായി. മഴക്കെടുതിയിൽ ജില്ലയിലെ മറ്റ് റോഡുകൾ തകർന്നതോടെയാണ് ഇടുക്കി അണക്കെട്ടിന് മുകളിലൂടെ നിയന്ത്രണവിധേയമായി പൊലീസ് വാഹനങ്ങൾ കടത്തിവിട്ടത്.
>

Trending Now