തട്ടിക്കൊണ്ടുപോയതല്ല, അത് ഒളിച്ചോട്ടം; അമ്മയെയും കുഞ്ഞിനെയും കാമുകനൊപ്പം കണ്ടെത്തി

webtech_news18
കോഴിക്കോട്: കാസർകോട് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ നാടകീയ വഴിത്തിരിവ്. യുവതി കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാസർകോട് ചിറ്റാരിക്കാലിൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം ഒളിച്ചോട്ടമെന്ന് പൊലീസ് മണിക്കൂറുകൾ കൊണ്ട് സ്ഥിരീകരിക്കുകയായിരുന്നു.
കാണാതായ മീനു, മൂന്നു വയസുള്ള മകന്‍ എന്നിവരെ കാമുകനോടൊപ്പം കോഴിക്കോട് നിന്ന് റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. ഭർത്താവിനെ തെറ്റിദ്ധരിപ്പിക്കാനാണ് തട്ടിക്കൊണ്ടുപോകുന്നതായി യുവതി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. ‌

ഇന്ന് രാവിലെ 10.30 ഓടെ മീനുവിനെയും മകനെയും വീട്ടിൽ നിന്നും ഒരുസംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. അക്രമിസംഘം വീട്ടിലെത്തിയ വിവരം മീനു ഭർത്താവ് മനുവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. വീട്ടിൽ ഒരു സംഘമെത്തിയെന്നും അവർ തങ്ങളെ ഉപദ്രവിക്കുന്നെന്നുമായിരുന്നു ഫോണിലൂടെ മീനു പറഞ്ഞത്. മനു വീട്ടിലെത്തി പരിശോധിച്ചപ്പോൾ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മീനുവിന്‍റെ കഴുത്തിൽ മുറിവേൽപ്പിച്ച ചിത്രം മനുവിന്‍റെ മൊബൈലിൽ ലഭിക്കുകയും ചെയ്തു. മുറിയിലും ചോരപ്പാടുകളുണ്ടായിരുന്നു. എന്നാൽ വിദഗ്ദ്ധ പരിശോധനയിൽ ഇത് രക്തമല്ലെന്നും കുങ്കുമം കലക്കി ഒഴിച്ചതാണെന്നും വ്യക്തമായി.കാമുകനൊപ്പം യുവതി പോയ കാർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതോടെയാണ് ട്രെയിൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഇതോടെയാണ് ഇന്‍റർസിറ്റി എക്സ്പ്രസിൽനിന്ന് കോഴിക്കോട് സ്റ്റേഷനിൽവെച്ച് മീനുവും യുവാവും പിടിയിലായത്. കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് മീനു പൊലീസിനോട് പറഞ്ഞു. ഒളിച്ചോട്ടമാണെന്ന് അറിയാതിരിക്കാനാണ് മുൻകൂട്ടി നിശ്ചയിച്ചപ്രകാരം തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയതെന്നും അവർ പറഞ്ഞു. പൊലീസിനെ കബളിപ്പിച്ചതിന് മീനുവിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മീനുവിനെയും യുവാവിനെയും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
>

Trending Now