ബിഷപ്പിനെ രക്ഷിക്കാന്‍ പ്രാര്‍ഥന; പ്രളയത്തിന്റെ മറവില്‍ ഒളിച്ചുകളി തുടര്‍ന്ന് പൊലീസ്

webtech_news18
തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആരോപണവിധേയനായ ജലന്ദര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി രൂപതയ്ക്കു കീഴിലുള്ള ഇടവകകളില്‍ പ്രത്യേക പ്രാര്‍ഥനയ്ക്ക് ആഹ്വാനം.സംപ്തംബര്‍ ഒന്നിന്നാണ് ജലന്ദര്‍ രൂപതയ്ക്കു കീഴിലുള്ള എല്ലാ ഇടവക പള്ളികളിലും പ്രത്യേക ഉപവാസ പ്രാര്‍ഥന നടത്തണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇടയലേഖനം ഇറക്കിയിരിക്കുന്നത്.


ഫ്രാങ്കോ മുളയ്ക്കല്‍ നിരവധി തവണ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തികയും ചെയ്‌തെന്നു കാട്ടി കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കി മാസങ്ങളായെങ്കിലും ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ഇതുവരെ തയാറായില്ലെന്ന ആക്ഷേപം ശക്തമാകുകയാണ്. ഈ മാസം ആദ്യം ജലന്ദറില്‍ എത്തിയ കേരള പൊലീസ് ബിഷപ്പിനെ ചോദ്യം ചെയ്‌തെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു.ഇതിനു പിന്നാലെ പ്രളയക്കെടുതിയിലായതിന്റെ മറവില്‍ ഫ്രാങ്കോയ്‌ക്കെതിരായ കേസിലെ അന്വേഷണം പൊലീസും അവസാനിപ്പിച്ച മട്ടാണ്. എന്നാല്‍ ഇതിനിടെ പരാതിക്കാരിയായ കന്യാസ്ത്രീയെയും സഹപ്രവര്‍ത്തകയെയും അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പുതിയൊരു പരാതി കൂടി എത്തിയിട്ടുണ്ട്.ഓഗസ്റ്റ് 13 ന് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ജലന്ദറിലെത്തിയപ്പോഴും പൊലീസ് ഒളിച്ചുകളി തുടര്‍ന്നു. ബിഷപ്പ് ഹൗസിലെത്തിയ പൊലീസ് സംഘത്തിന് നാലു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ ഫ്രാങ്കോയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന തെറ്റായ വിവരമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ അന്ന് വൈകിട്ട് ഏഴേമുക്കാലോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് ഹൗസിലെത്തിയത്. ഇതിനിടെ ബിഷപ്പ് വരുന്നതിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ ബിഷപ്പ് ഹൗസിനു മുന്നില്‍ ആക്രമണവുമുണ്ടായി.അതേസമയം കേസിലെ 90% തെളിവെടുപ്പും പൂര്‍ത്തിയായതായാണു വിവരം. ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയും ചെയ്തു. 2014 ലെ കേസായതിനാലാണ് അന്വേഷണം വൈകുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിനിടെയുണ്ടായ പ്രളയത്തിന്റെ മറവില്‍ ഫ്രാങ്കോയ്ക്ക് കേരള പൊലീസ് സംരക്ഷണമൊരുക്കുകയായിരുന്നെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
>

Trending Now