യോഗ പഠിക്കാനെത്തിയ സ്ത്രീകളെ ബലാത്സംഗം ചെയ്തയാൾക്കെതിരെ കേസ്

webtech_news18
ബാങ്കോക്ക്: യോഗ സെന്ററിലെത്തുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്ത യോഗാഗുരുവിനെതിരേ തായ് ലന്റില്‍ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരില്‍ ഇന്ത്യയില്‍ അറിയപ്പെട്ടിരുന്ന റൊമാനിയക്കാരനായ നാര്‍സിസ് ടാര്‍ക്കോയ്‌ക്കെതിരെയാണ് പൊലീസ് നടപടി.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 14 വനിതാ ടൂറിസ്റ്റുകളുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.

യോഗ ക്ലാസിനെത്തുന്ന സ്ത്രീകളുടെ മനസ് മാറ്റി പീഡിപ്പിക്കുകയാണ് ഇയാളുടെ രീതിയെന്നാണ് ആരോപണം. അതിന് തയ്യാറല്ലാത്തവരെ ബലാത്സംഗത്തിനിരയാക്കിയെന്നും ടൂറിസ്റ്റുകളുടെ പരാതിയിൽ പറയുന്നു. ആത്മീയ പ്രഭാഷണങ്ങള്‍ നടത്തുന്നതിനിടെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി മൂന്ന്‌ സ്ത്രീകള്‍ വെളിപ്പെടുത്തുകയായിരുന്നു. ഇയാളുടെ യോഗാ കേന്ദ്രത്തിൽ ലൈംഗിക അതിക്രമവും മാനഭംഗവുമാണ് നടക്കുന്നതെന്ന് സ്ത്രീകള്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബ്രസീല്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇയാള്‍ക്കെതിരെ
പരാതിയുമായി രംഗത്ത് എത്തിയത്. 15 വര്‍ഷമായി തായ്‌ലന്‍ഡില്‍ അഗാമ യോഗ സെന്റര്‍ കേന്ദ്രീകരിച്ച് ക്ലാസുകളെടുക്കുകയും ചികിത്സ നടത്തുകയും ചെയ്യുന്ന നാര്‍സിസ് ടാര്‍ക്കോയ്‌ക്കെതിരെ മുപ്പതിലധികം സ്ത്രീകള്‍
പരാതിപ്പെട്ടുവെന്നാണ് വിവരം. 2003 മുതല്‍ ടാര്‍ക്കോയുടെ നേതൃത്വത്തില്‍ യോഗ സെന്റര്‍ കേന്ദ്രീകരിച്ച് സെക്‌സ് നെറ്റ്വര്‍ക്കിംഗ് നടക്കുകയാണെന്നും ആരോപണമുണ്ട്.യോഗാസനങ്ങള്‍ക്കിടയില്‍ അനുവാദമില്ലാതെ യുവതികളുടെ ശരീരത്ത് സ്പർശിക്കുക, ആലിംഗനം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തികള്‍ ടാര്‍ക്കൂ ചെയ്യും. ആരെങ്കിലും എതിര്‍ത്താല്‍ നിങ്ങള്‍ക്ക് എന്തു വേണമെന്ന് തനിക്കറിയാമെന്നും അവരോട് പറയും. യോഗാസെന്ററിലെ ട്രാൻസ് ജെന്റർ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വന്നിട്ടുള്ളതായും ആരോപണമുണ്ട്.ടാര്‍ക്കുവുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടാല്‍ രോഗം ഭേദമാകുമെന്നാണ് യോഗാ സ്‌കൂളിലെ ഡോക്ടര്‍ പോലും പ്രചരിപ്പിക്കുന്നതെന്നും പീഡനത്തിന് ഇരകളായവർ പറയുന്നു. പലതവണ ലൈംഗിക പീ‍ഡനത്തിന് ഇരയാകേണ്ടി വന്നതായി അഗാമയില്‍ 2015 മുതല്‍ 2016 ഫെബ്രുവരി വരെ മാനേജരായിരുന്ന ബ്രസീലിയന്‍ യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം ആരോപണങ്ങള്‍ അഗാമ യോഗ സെന്റര്‍ തള്ളിയെന്നാണ് വിവരം.സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരില്‍ നേരത്തേ ഇന്ത്യയിലാണ് ടാര്‍ക്കോ പ്രവര്‍ത്തിച്ചിരുന്നത്. വിസ റദ്ദാക്കപ്പെട്ടതോടെ ഇയാള്‍ 2003ല്‍ ഋഷികേശില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് കടക്കുകയായിരുന്നു.
>

Trending Now