• Home
  • »
  • News
  • »
  • explained
  • »
  • 'MBBS എന്നാൽ "ഫസ്റ്റ് എംബി" എന്നല്ല; ചികിത്സിക്കാൻ പ്രാപ്‌തിയുള്ള ഡോക്ടർ എന്നാണ്'

'MBBS എന്നാൽ "ഫസ്റ്റ് എംബി" എന്നല്ല; ചികിത്സിക്കാൻ പ്രാപ്‌തിയുള്ള ഡോക്ടർ എന്നാണ്'

ചെറിയ സ്ഥാപനങ്ങളിൽ ഒറ്റയ്ക്ക് പ്രാക്ടിസ് ചെയ്യാനും എംബിബിഎസ് ഡോക്ടർക്ക് പൂർണ അവകാശവും സ്വാതന്ത്ര്യവുമുണ്ട്

'MBBS എന്നാൽ "ഫസ്റ്റ് എംബി" എന്നല്ല; ചികിത്സിക്കാൻ പ്രാപ്‌തിയുള്ള ഡോക്ടർ എന്നാണ്'
പ്രതീകാത്മക ചിത്രം

    ഡോ . രാജീവ് ജയദേവൻ

    നമ്മുടെ രാജ്യത്തെ അംഗീകൃത മെഡിക്കൽ ഡിഗ്രികളിൽ ആധുനിക വൈദ്യശാസ്ത്രത്തിലെ അടിസ്ഥാന യോഗ്യതയായ എംബിബിഎസ് നേപ്പറ്റി ആശയക്കുഴപ്പം ജനിപ്പിക്കുന്ന പരാമർശങ്ങൾ കണ്ടു, അതു കൊണ്ട് എഴുതുന്നു.

    എംബിബിഎസ് കിട്ടുന്നത് കുറഞ്ഞത് അഞ്ചര വര്ഷം നീളുന്ന, ഒരു പക്ഷേ ലോകത്തിലെ ഏറ്റവും കഠിനമായ പാഠ്യപദ്ധതിയെ (curriculum) ആസ്പദമാക്കിയുള്ള ട്രെയിനിങ്ങിനു ശേഷം ആണ്. ഒട്ടനവധി കട്ടിയേറിയ സബ്‌ജക്റ്റുകളും അവയുടെ ഓരോന്നിന്റെയും കഠിനമായ പരീക്ഷകളും ഇന്റേണൽ അസ്സെസ്സ്മെന്റും പാസായിട്ടാണ് ഒരു ഡോക്ടർ ഇവിടെ ജനിക്കുന്നത്.

    കൂടാതെ "ഫസ്റ്റ്  എംബി"  കഴിഞ്ഞാൽ (അനാട്ടമി മുതലായ അടിസ്ഥാന വിഷയങ്ങൾ)  രണ്ടാം വര്ഷം മുതൽ നിരവധി രോഗികളെ നിരീക്ഷിക്കുകയും മേൽനോട്ടത്തോടെ ചികിതസിക്കുകയും ചെയ്തതിനു ശേഷമാണ് ഫൈനൽ എംബിബിസ് പരീക്ഷയ്ക്കിരിക്കുന്നത്. പാസായ ശേഷം ഒരു വര്ഷം ഹൌസ് സർജൻസിയും.

    \1\6Also Read - 'MBBS പഠിച്ച വ്യക്തി MBBS ചികിത്സ നടത്തിയാല്‍ മതി;കളളനാണയങ്ങളെ തിരിച്ചറിയണം'; വൈറലായി ഷംസീര്‍ MLAയുടെ പ്രസംഗം

    എംബിബിഎസ് പാസായ വ്യക്തിയ്ക്ക് ഏതു രോഗിയെയും - അതായത് കുട്ടികളെയും ഗർഭിണികളെയും അടക്കം - ചികിത്സിക്കാം, ഒറ്റയ്ക്കും പ്രാക്ടീസ് ചെയ്യാം. മൈനർ ശസ്ത്രക്രിയകൾ ചെയ്യാം. ഡെലിവറി എടുക്കാം. സ്പെഷ്യലിസ്റ് ആയി പ്രവർത്തിക്കാൻ സാധിക്കുകയില്ല എന്നേ ഉള്ളൂ. എന്നു വച്ചാൽ ഹാർട്ട് ഓപ്പറേഷൻ, ന്യൂറോസർജറി, ഹിസ്‌റ്ററെക്ടമി മുതലായവ.

    🔹എല്ലാ വിഷയങ്ങളിലും തുല്യമായ അറിവ്‌ ആർക്കുണ്ടാവും എന്ന് ഒരു ചൊദ്യം ഉയർന്നാൽ അതിന് എന്റെ ഉത്തരം റെഡിയാണ്:

    🔹എംബിബിഎസ് അടുത്തയിടെ പാസായ ഡോക്ടർക്ക്.

    ആശ്ചര്യപ്പെടേണ്ട. കാരണം, അവിടുന്ന് മുന്നോട്ടുള്ള യാത്രയിൽ എംബിബിഎസ് കാലത്തു സ്വായത്തമാക്കിയ പല വിഷയങ്ങളും ആവർത്തിച്ചു പഠിക്കേണ്ട ആവശ്യം വരാത്തതിനാൽ അറിവ്‌ ക്രമേണ കുറയാനാണു സാധ്യത.

    ഉദാഹരണത്തിന്, ഏകദേശം 30 വർഷമായി ഗൈനക്കോളജി ഫീൽഡിൽ സജീവമായി ഇല്ലാത്തതിനാൽ ഇന്ന് ആ വിഷയത്തിൽ എന്റെ അറിവ്‌ എംബിബിഎസ് പാസായപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ എത്രയോ കുറവാണ്.

    എന്നാൽ, ഒരാവശ്യം വന്നാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് നേടി എടുക്കാവുന്നതേയുള്ളൂ ആ അറിവ്‌, ഇതിനു കാരണം വിപുലമായ എംബിബിഎസ് ഫൗണ്ടേഷൻ തന്നെ. പിൽക്കാലത്ത് എത്ര വലിയ കെട്ടിടവും കെട്ടി പോക്കാനുള്ളയത്രയും ബലമുള്ളതാണ് എംബിബിഎസ് കരിക്കുലം.

    ഇടത്തരം മുതൽ വലിയ ആശുപത്രികളിൽ മിക്ക മെഡിക്കൽ ടീമുകളിലും എല്ലാ ശ്രേണിയിലുമുള്ള ഡോക്ടർമാർ ഉണ്ടാവും. Patient care എന്നാൽ ഒരു ടീം വർക്ക് ആണ്, നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ഫീൽഡാണിത്, എത്ര വലിയ ഡിഗ്രിയുള്ള ആളും തുടർന്നും പഠിച്ചു കൊണ്ടേയിരിക്കും.

    ചെറിയ സ്ഥാപനങ്ങളിൽ ഒറ്റയ്ക്ക് പ്രാക്ടിസ് ചെയ്യാനും എംബിബിഎസ് ഡോക്ടർക്ക് പൂർണ അവകാശവും സ്വാതന്ത്ര്യവുമുണ്ട്.

    ജനങ്ങൾക്കുണ്ടാകുന്ന ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള അറിവും പ്രാപ്തിയും നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്ന ഓരോ എംബിബിഎസ് ഡോക്ടർമാരിലും പ്രതീക്ഷിക്കാം. ഏറെ വർഷം എക്സ്സ്‌പീരിയൻസ് ഉള്ളവരും ഈ ഗണത്തിൽ പെടും. ഒറ്റയ്ക്കു പ്രാക്ടിസിൽ ഉള്ളവർ ചില അവസരങ്ങളിൽ ഒരു സ്പെഷ്യലിസ്റ് ആവശ്യമായി വന്നാൽ റെഫർ അല്ലെങ്കിൽ കൺസൾട് ചെയ്താൽ മതിയാവും.

    ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഡോക്ടർമാരുടെ ലഭ്യതക്കുറവുണ്ട് എന്നും ഓർക്കേണ്ടതുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലപ്പോഴും എംബിബിഎസ് ഇല്ലാത്ത വ്യക്തികൾ അത്തരം തസ്തികകളിൽ ഇരിക്കാറുണ്ട്. അവിടങ്ങളിൽ ഒരു എംബിബിസ് ഡോക്ടറുടെ സേവനം ലഭിക്കുന്നത് അവർ ഒരു മഹാഭാഗ്യമായി കരുതുന്നു. അതിനിടയിൽ നമ്മുടെ കേരളത്തിൽ എംബിബിഎസ് ഡോക്ടർമാരെ അപമാനിക്കുന്ന രീതിയിൽ പരസ്യ പരാമർശങ്ങൾ നടത്തുന്നത് ന്യായീകരിക്കാനാവുകയില്ല.

    എല്ലാ മേഖലയിലും പല തരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും, അത് സ്‌കൂൾ ടീച്ചർ ആയാലും വക്കീലായാലും സിനിമാനടൻ ആയാലും സൂപ്പർ സ്പെഷ്യലിസ്റ് ഡോക്ടർ ആയാലും ഉണ്ടാവും. മെഡിക്കൽ കോളേജ്‌ ആയാലും എൻജിനീയറിങ് കോളേജ്‌ ആയാലും ഹോട്ടൽ മാനേജ്‌മെന്റ് ആയാലും ആർട്സ് കോളേജ്‌ ആയാലും അധ്യയനത്തിൽ അല്പം ഏറ്റക്കുറച്ചിൽ സ്വാഭാവികം.

    എന്നാൽ മെഡിക്കൽ രംഗത്ത് ഇത്തരം ഏറ്റക്കുറച്ചിലുകൾ നികത്താനുള്ള അനവധി നടപടികൾ നിരന്തരമായി നടന്നു വരുന്നു, വിവിധ പ്രൊഫെഷണൽ സംഘടനകൾ അതിന് നേതൃത്വം കൊടുത്തു വരുന്നു; അവയെല്ലാം പൊതുജന മധ്യത്തിൽ അവതരിപ്പിക്കാറില്ല എന്നു മാത്രം. എന്നു വച്ച് സ്പെഷ്യലൈസേഷൻ ഇല്ലാത്തവർ മോശമാണെന്ന രീതിയിൽ നേരിട്ടോ പരോക്ഷമായോ പറയുന്നതിനെ ന്യായീകരിക്കാൻ പറ്റുന്നതല്ല.

    കഴിഞ്ഞ മുപ്പതു വർഷം നാലു രാജ്യങ്ങളിൽ പല മേഖലകളിൽ പ്രവർത്തിച്ച പരിചയം കൊണ്ട് ഞാൻ ഒരു കാര്യം ഉറപ്പിച്ചു പറയാം. ഇന്നേവരെ നമ്മുടെ ഒരു ജൂനിയർ ഡോക്ടർ പോലും അറിവില്ലാത്ത ആളാണെന്നോ കഴിവില്ലാത്ത വ്യക്തിയാണെന്നോ എനിക്ക് ഒരു നിമിഷം പോലും തോന്നിയിട്ടില്ല.

    കേരളത്തിൽ ഇന്ന് ഡോക്ടർമാർക്ക് ക്ഷാമം ഇല്ല എന്നു വേണമെങ്കിൽ പറയാം. നമുക്ക് ഇഷ്ടപ്പെട്ട ഡോക്ടറെ എന്നു വേണമെങ്കിലും നേരിട്ടു ചെന്ന് കാണാൻ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. ആവശ്യമെങ്കിൽ അഥവാ തൃപ്തിയായില്ലെങ്കിൽ ഒരു ഒപ്പീനിയൻ കൂടി എടുക്കാൻ ഒരു തടസവും നമ്മുടെ നാട്ടിൽ ഇല്ല. എന്നാൽ നിർഭാഗ്യവശാൽ നാം അതിൻറെ വില മനസിലാക്കുന്നില്ല.

    ഒരുദാഹരണം പറയാം. മുൻപ് വിശദമായി എഴുതിയ വിഷയമാണ്. അമേരിക്കയിൽ ആണെങ്കിൽ പലപ്പോഴും നമുക്ക് ഒരാവശ്യം വന്നാൽ മിക്കവാറും ആദ്യം കാണാൻ സാധിക്കുന്നത് ഡോക്ടർ അല്ലാത്ത മറ്റു പ്രൊഫഷനലുകളാണ്. ചിലപ്പോൾ നമുക്കു വേണ്ട ഡോക്ടർ നമ്മെ കാണുന്നത് അടുത്ത വിസിറ്റിനായിരിക്കും. അത് അവിടെ ജീവിച്ചവർക്കറിയാം. നാട്ടിൽ ഡോക്ടർമാരെ കാണാൻ ദൗർലഭ്യം ഇല്ലാത്തപ്പോൾ ഏതു മേഖലയിലും നടക്കാവുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച്  അവരെ ആകമാനം അടച്ചാക്ഷേപിക്കാനും മറ്റും ഒരു പ്രവണത നിർഭാഗ്യവശാൽ കണ്ടു വരുന്നു.

    കേരളത്തിൽ ഓരോ വർഷവും എംബിബിഎസ് പാസായി ഇറങ്ങുന്ന ആറു ഡോക്ടർമാരിൽ ഒരാൾക്കു (1:6) മാത്രമാണ് ഇവിടെ പിജി സീറ്റ് ഉള്ളത്. ബാക്കിയുള്ളവർ വിവിധയിടങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. നമ്മുടെ കാഷ്വലിറ്റികളിൽ, ഓ.പി. കളിൽ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ, നാഷണൽ ഹെൽത്ത് മിഷനിൽ, ടെലിമെഡിസിൻ പാനലുകളിൽ അവർ അഹോരാത്രം പ്രയത്നിക്കുന്നു.

    ആരോഗ്യരംഗത്ത് അനവധി നേട്ടങ്ങൾ കൈവരിച്ച നമ്മുടെ കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് - പ്രത്യേകിച്ചും ഈ കോവിഡ് കാലത്ത് - ഡോക്ടർമാർക്കിടയിൽ നിന്ന് ഏറ്റവുമധികം സേവനം നമുക്കു ലഭിച്ചത് എംബിബിഎസ് ഡോക്ടർമാരിൽ നിന്നും ആയിരുന്നു എന്നുള്ളതും ഇവിടെ എടുത്തു പറയുന്നു.

    ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ധാരാവി പോലെയുള്ള ഇടങ്ങളിൽ വൻ തോതിലുള്ള മരണങ്ങൾ നടത്താതെ മഹാമാരിയെ നിയന്ത്രിച്ചു നിർത്തിയത് സ്പെഷലിസ്റ്റുകൾ ആയിരുന്നില്ല, രാവും പകലും ആത്മാർഥമായി ജോലി ചെയ്ത എംബിബിഎസ് ഡോക്ടർമാർ ആണ് എന്ന് മുംബൈ ബിഎംസി കമ്മീഷണർ ഇഖ്ബാൽ സിങ് ചാഹൽ IAS അഭിമാനത്തോടെ പറഞ്ഞത് നാം കേട്ടിരുന്നു.

    ഡോക്ടർമാരുടെ ദൗർലഭ്യമുള്ള നമ്മുടെ രാജ്യത്ത് എംബിബിഎസ് ഡോക്ടർമാരെ അംഗീകരിക്കാൻ നാം മടി കാട്ടുന്നത് കൊണ്ടാണ്‌ വിദേശ രാജ്യങ്ങൾ അവരെ മാടി വിളിക്കുന്നതും അങ്ങനെ അവർ അവിടെ ചേക്കേറുന്നതും നമുക്ക് എന്നെന്നേയ്ക്കുമായി അവരെ നഷ്ടമാകുന്നതും.

    ഒരു കാര്യം കൂടി പറഞ്ഞു നിർത്താം. എന്റെ സ്വന്തം കുടുംബാംഗങ്ങളെ ഞാൻ പൊതുവെ ചികിതസിക്കാറില്ല, അത് മറ്റുള്ള ഡോക്ടർമാർക്ക് വിട്ടു കൊടുക്കുകയാണ് പണ്ടു മുതൽ എൻറെ രീതി, കാരണം മറ്റൊന്നുമല്ല; ചികിത്സയിൽ ഒരു നിഷ്പക്ഷത ഉണ്ടാവും എന്നതു തന്നെ. അതു കൊണ്ടു പറയുന്നു, എൻറെ ഏറ്റവും അടുത്ത കുടുംബാംഗങ്ങങ്ങളെ  നാട്ടിൽ പ്രാക്റ്റീസ് ചെയ്യുന്ന ഏതു ഡോക്ടറുടെ പക്കൽ അയയ്ക്കാനും എനിക്ക് യാതൊരു മടിയും ഇല്ല. അതിന് വലിയ ഡിഗ്രിയുടെ ആവശ്യം ഇല്ല, എംബിബിഎസ് മതി.

    കാരണം, എനിക്ക് പൊതുവെ എല്ലാവരേയും വിശ്വാസമാണ് - പ്രത്യേകിച്ചും നമ്മുടെ ഡോക്ടർമാരെ. ജർമൻ കാറും വില കൂടിയ ഷർട്ടും ഒന്നും ഇല്ലെങ്കിലും പല തരത്തിലുള്ള പ്രതിസന്ധികൾക്കിടയിലും ഒരു പുഞ്ചിരിയോടെ, ഭവ്യതയോടെ അവർ നടത്തുന്ന സേവനങ്ങൾ സ്നേഹത്തോടെ, അഭിമാനത്തോടെ കണ്ടു നിൽക്കാനേ എനിക്ക് ഇന്നേവരെ അവസരം ഉണ്ടായിട്ടുള്ളൂ.

    (ലേഖകന്‍ ഡോ രാജീവ് ജയദേവന്‍ കൊച്ചി IMAയുടെ മുന്‍ പ്രസിഡന്റ്)

    Published by: Karthika M
    First published: November 11, 2021, 20:23 IST

    ടോപ്പ് സ്റ്റോറികൾ