ആ ജീപ്പ് ഓടിച്ചത് ഞാനല്ല; വിശദീകരണവുമായി ജയറാം

webtech_news18 , News18 India
കൊച്ചി: ചെങ്കൂത്തായ പാതയിലൂടെ അപകടകരമായ വിധം കാറോടിച്ചത് താനല്ലെന്ന വിശദീകരണവുമായി നടൻ ജയറാം. 'ജയറാം പോണ പോക്ക് കണ്ടോ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായിരുന്നു. എന്നാൽ, ഈ വീഡിയോയിൽ കാണുന്നയാൾ താനല്ലെന്ന വിശദീകരണവുമായാണ് ജയറാം എത്തിയിരിക്കുന്നത്.'ഞാൻ ജയറാമാണ്. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായിട്ട് വാട്സാപ്പിലൊക്കെ ഒരു ജീപ്പ് പുറകിലേക്ക് അതിവേഗത്തിൽ എടുക്കുന്നതും ജീപ്പിലിരിക്കുന്നവർക്ക് എന്തോ അപകടം പറ്റുന്നപോലെയുള്ള പോസ്റ്റ്. കഴിഞ്ഞ മൂന്നു ദിവസമായിട്ട് ഞാനും ശ്രദ്ധിക്കുന്നതാണ്. അതിന്‍റെ താഴെ കാപ്ഷനിൽ ജയറാം പോണ പോക്ക് കണ്ടോയെന്ന് എഴുതി വിട്ടപ്പോൾ എല്ലാവരും വിചാരിച്ചത് എനിക്കെന്തോ പറ്റിയെന്നാണ്. കഴിഞ്ഞ മൂന്നുദിവസമായിട്ട് ഒരുപാടു പേർ നേരിട്ടും അല്ലാതെയും ഫോണിലൂടെയും ഒക്കെ വിശേഷങ്ങൾ അന്വേഷിക്കുന്നുണ്ട്. ഒരുപാടു പേരോട് ഫോണിലൂടെ സമാധാനം പറയേണ്ടി വരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിടുന്നത്. സത്യം പറഞ്ഞാൽ അത് ഞാനല്ല. ആരായാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എനിക്ക് തോന്നുന്നത് അത് ഇന്ത്യയ്ക്ക് പുറത്ത് എവിടെയോ ആണെന്നാണ്. തായ്ലൻഡ് പോലെയുള്ള ഭാഗത്തെവിടെയോ സംഭവിച്ചതാണ്. പക്ഷേ, അതിനകത്തിരിക്കുന്ന ആൾക്ക് എന്‍റെ സാമ്യം ആർക്കെങ്കിലും തോന്നിയതുകൊണ്ടാകാം അങ്ങനെയൊരു പോസ്റ്റിട്ടിരിക്കുന്നത്. ഏതായാലും കഴിഞ്ഞ രണ്ടുമൂന്നു ദിവസം എന്‍റെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിച്ചവർക്കും ക്ഷേമം അന്വേഷിച്ചവർക്കും ഒരുപാട് നന്ദി. അത് ഞാനല്ല" - ജയറാം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.


ഓഫ് റോഡിലൂടെ മുകളിലേക്ക് ഓടിച്ച് കയറുന്ന ജീപ്പ് നിയന്ത്രണം വിട്ട് ചെങ്കുത്തായ പാതയിലൂടെ താഴേക്ക് വരുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിച്ചത്. നടന്‍ ജയറാം ഓടിക്കുന്ന വാഹനം അപകടത്തില്‍പ്പെട്ടു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇതിനെ തുടർന്നാണ് ജയറാം വിശദീകരണവുമായി രംഗത്തെത്തിയത്.

>

Trending Now