ബി.ടി.എച്ച് സ്ഥാപകൻ ബി. ഗോവിന്ദറാവുവിന്റെ ജീവിതം സിനിമയാകുന്നു

webtech_news18
ഭാരത് ടൂറിസ്റ്റ് ഹോം സ്ഥാപകനായ അന്തരിച്ച ബി. ഗോവിന്ദറാവുവിന്റെ ജീവിതം ബിഗ് സ്ക്രീനിലേക്ക്. ഡോക്യുഫിലിം രൂപത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മധുപാൽ സംവിധാനം ചെയ്യുന്ന ഡോക്യുഫിലിമിന്റെ ഷൂട്ടിംഗ് ഇന്ന് ബംഗളൂരുവിൽ ആരംഭിക്കും. നോവലിസ്റ്റ് കെ.എൽ മോഹനവർമയാണ് തിരക്കഥ രചിക്കുന്നത്. ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നു എന്ന തലക്കെട്ടോടെ മോഹനവർമ തന്നെയാണ് സിനിമയുടെ വിവരങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നു.
------------------------------
പത്തു മുപ്പതു കൊല്ലം മുമ്പു ഓഹരി, ക്രിക്കറ്റ്, നീതി തുടങ്ങി നമ്മുടെ വിവിധ പ്രവര്‍ത്തനമേഖലകളെ പശ്ചാത്തലമാക്കി ഞാന്‍ നോവലുകള്‍ രചിക്കാന്‍ തുടങ്ങിയപ്പോള്‍ കേരളത്തിന്റെ ഭക്ഷണവും ആതിഥേയത്വവും മിക്‌സ് ചെയ്ത് ഒരു നോവലിന് പ്ലാനിട്ടിരുന്നു. മറ്റു പല സ്വപ്നങ്ങളും പോലെ അതും വിരിയാതെ കിടന്നു. പ്രധാന കാരണം ഓഹരിയിലെ മിനിയെപ്പോലെയോ ക്രിക്കറ്റിലെ ഉണ്ണിയെപ്പോലെയോ നീതിയിലെ നേഹയെപ്പോലെയോ ഒരു ജീവനുള്ള പ്രധാന കഥാപാത്രത്തെ രൂപപ്പെടുത്താന്‍ പറ്റാതിരുന്നതാണ്. ഇടയ്ക്ക് കേരളത്തിലെ വെജിറ്റേറിയന്‍ കറികളുടെ രുചിയെപ്പറ്റിയും മാവേലിയുടെ ആതിഥേയത്വ പുരാണവും അന്തര്‍ദേശീയ ടൂറിസം ബ്രോഷറുകളില്‍ കാണുമ്പോള്‍ ലേശം കുറ്റബോധം തോന്നാതിരുന്നുമില്ല.
പക്ഷെ ഏകദേശം ഒരു വര്‍ഷം മുമ്പ് എറണാകുളത്ത് കേരളത്തിലെ സുപ്രസിദ്ധമായ ഭാരത് ടൂറിസ്റ്റ് ഹോമിന്റെ സ്ഥാപകനായിരുന്ന ബി ഗോവിന്ദറാവുവിന്റെ ജന്മശതാബ്ദി ആഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തപ്പോള്‍ വേദിയില്‍ വച്ച് പെട്ടെന്ന് ഒരു മിന്നല്‍ പോലെ തോന്നി. വൈ നോട്ട് ഗോവിന്ദറാവു കഥാപാത്രം ? ബി ടി എച്ച് കഥാപാത്രം ?
കഥാപാത്രം കിട്ടി. കണ്‍സെപ്റ്റും ക്ലിയറായി. നോവലിനു പകരം ഒരു ഫിലിം ആയിരിക്കും നല്ലതെന്നു തോന്നി. ഒരു ഡോക്കു-ഫിലിം. മലയാള സിനിമാരംഗത്തെ വെര്‍സൈറ്റല്‍ യുവപ്രതിഭയായ എന്റെ പ്രിയസുഹ്യത്ത് മധുപാല്‍ ദൗത്യം ഏറ്റെടുത്തു.
ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് ബാംഗളൂരില്‍ നിന്ന് ചിത്രീകരണം ആരംഭിക്കുകയാണ്.
എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോഴേക്ക് കാലവും മാറി. നിറവും മാറി. സാരമില്ല. മാറ്റം നമുക്കു പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതാണല്ലോ. വി ഹാവ് ടു ലിവ് വിത്തിറ്റ്.
എല്ലാവരുടെയും അനുഗ്രഹം വേണം. 
>

Trending Now