ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി; നിപ സിനിമയാകുമ്പോൾ...

webtech_news18 , News18
കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരായ കേരളത്തിന്റെ പോരാട്ടം വെള്ളിത്തിരയിലെത്തുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'വൈറസ്' എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകൻ രാജീവ് രവിയാണ് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആഷിഖ് അബു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.രേവതി, ആസിഫ് അലി, റിമ കല്ലിങ്കൽ, ടോവിനോ തോമസ്, പാർവതി, കാളിദാസ് ജയറാം, രമ്യാ നമ്പീശൻ, സൌബിൻ സാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

നിപ വെള്ളിത്തിരയിലെത്തുമ്പോൾ നിപ രക്തസാക്ഷിയായ നഴ്സ് ലിനിയായി എത്തുന്നത് റിമ കല്ലിങ്കലാണെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആഷിഖ് അബു വെളിപ്പെടുത്തി. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറായി രേവതിയും എത്തുന്നുണ്ട്. മറ്റ് താരങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് അന്തിമ തീരുമാനങ്ങളായിട്ടില്ലെന്നും ആഷിഖ് വ്യക്തമാക്കിയിരിക്കുന്നു.നിപ തന്നെയാണ് വൈറസിന്റെ പ്രമേയം. മൂന്നു നാലുമാസമായി സിനിമ മനസിലുണ്ട്. അന്നേ ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. ഇപ്പോഴാണ് പ്രഖ്യാപിക്കാൻ തക്ക രൂപത്തിലായത്- ആഷിഖ് പറഞ്ഞു.ഒന്നിലധികം സിനിമയ്ക്കുള്ള കഥകൾ നിപയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന് ആഷിഖ് പറയുന്നു. ഒരു മാസ് റിയൽ സ്റ്റോറിയാണ് ചിത്രമെന്നും റൊമാൻസ്, ത്രിൽ, വൈകാരികത എന്നിവ ചിത്രത്തിലുണ്ടെന്നും ആഷിഖ് അബു പറയുന്നു.ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കൾ മൂന്നു പേരും ഇപ്പോൾ കോഴിക്കോട്ടുണ്ട്. നിപയെ നേരിട്ടും അല്ലാതെയും അറിഞ്ഞവരുടെ അനുഭവങ്ങളാണ് തിരക്കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരക്കഥാകൃത്തുക്കളിൽ ഒരാളായ മുഹ്സിന്റെ അടുത്ത ബന്ധു ഇതിൽ നേരിട്ട് ഇടപെട്ടിട്ടുള്ള ഒരു മെഡിക്കൽ പിജി വിദ്യാർഥിയാണ്. അതുപോലെ ഒരുപാട് ആളുകളുടെ അനുഭവമാണ് ഈ സിനിമ. ഒരുപാട് ആളുകൾ, അവരുടെ കഥകൾ,സ്നേഹം, സഹകരണം, അതിജീവനം...അതെല്ലാമാണ് വൈറസ്- ആഷിഖ് അബു വ്യക്തമാക്കുന്നു.മൾട്ടിസ്റ്റാർ കാസ്റ്റിംഗ് ചിത്രത്തിന് ആവശ്യമാണെന്നും കഥാപാത്രങ്ങൾക്കെല്ലാം തുല്യ പ്രാധാന്യം ലഭിക്കുന്ന രീതിയിലാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്നും ആഷിഖ് അബു പറഞ്ഞു. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അടുത്ത വർഷം വിഷുവിന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Trending Now