വെള്ളിത്തിരയിലെ നായകനല്ല, യഥാർഥ നായകൻ; തരംഗമായി സുരാജ് പങ്കുവെച്ച ടൊവിനൊ ചിത്രം

webtech_news18 , News18
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനാണ് കേരളം സാക്ഷിയായത്. പ്രളയക്കെടുതികളെ പതിയെ പതിയെ അതിജീവിച്ച് വരികയാണ് കേരള ജനത. ജാതി,മത, വർഗ, വർണ, രാഷ്ട്രീയ ഭേദമില്ലാതെ പ്രളയത്തെ അതിജീവിക്കാൻ കേരളം ഒറ്റക്കെട്ടായത് ഏറെ പ്രശംസനീയമാണ്. പ്രത്യേകിച്ച് യുവാക്കളുടെ പങ്ക്. സിനിമാ താരങ്ങൾ ഉൾപ്പെടെ താര ജാടകൾ മറന്ന് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. യുവനായകൻ ടൊവിനോയുടെ പ്രവർത്തനങ്ങളായിരുന്നു.ഇപ്പോഴിതാ നടൻ സുരാജ് വെഞ്ഞാറമൂട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ടൊവിനോയുടെ ചിത്രം വൈറലായിരിക്കുകയാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ടൊവിനോ ചെയ്ത എല്ലാ രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങളെയും ചേർത്ത് ടൊവിനോയുടെ രൂപം- റിയൽ ഹീറോ മോർ ദാൻ റീൽ ഹീറോ എന്ന തലക്കെട്ടിലാണ് ചിത്രം. സൂപ്പർ ഹീറോ ടൊവിനോ തോമസ്, ഒരുപാട് സ്നേഹം എന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുരാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.


പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് സ്വന്തം വീട് വിട്ടു നല്‍കിക്കൊണ്ടാണ് ടൊവിനോ ആദ്യം ശ്രദ്ധേയനായത്. പിന്നീട് രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയായും, പുനരധിവാസ കേന്ദ്രങ്ങളില്‍ സാധാരണക്കാർക്കൊപ്പം സാധനങ്ങൾ ചുമന്ന് എത്തിച്ചും, എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെ സമാധാനിപ്പിച്ചും, രക്ഷാപ്രവർത്തനങ്ങളിൽ യുവാക്കളെ മുന്നോട്ടു വരാൻ പ്രോത്സാഹിപ്പിച്ചും ടൊവിനോ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. ടൊവിനോയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.
>

Trending Now