പൈറസിക്കെതിരെ ട്രോളൻമാരെ കൂട്ടുപിടിച്ച് ടൊവിനോ തോമസ്

webtech_news18 , News18 India
കൊച്ചി: സിനിമാമേഖലയിലെ വ്യാജൻമാരെ നേരിടാൻ ട്രോളൻമാരെ കൂട്ടുപിടിച്ച് യുവനടൻ ടൊവിനോ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ടൊവിനോ പൈറസിക്കെതിരെ ശക്തമായ ഭാഷയിൽ രംഗത്തെത്തിയത്. സിനിമയുടെ പൈറേറ്റഡ് കോപ്പി അപ്‌ലോഡ് ചെയ്യുന്നത് നിയമപരമായി ക്രിമിനൽ കുറ്റമാണെന്നു അത് ഡൗൺലോഡ് ചെയ്ത് കാണുന്നവർ കൂട്ടുപ്രതികളാണെന്നും പോസ്റ്റിൽ പറയുന്നു. വർഷങ്ങളായി മലയാളസിനിമയുടെ ശാപമാണ് പൈറസി. പൈറസി തടയാനുള്ള ഒരേയൊരു മാർഗം പൈറേറ്റഡ് കോപ്പികൾ കാണാതിരിക്കുന്നതാണ്. ഇതിനെതിരെ പോരാടാൻ ട്രോളൻമാരെ കൂട്ടുപിടിച്ചിരിക്കുകയാണ് ടൊവിനോ. നല്ലകാര്യങ്ങൾ ചെയ്യാനും ആളുകളെ ചിന്തിപ്പിക്കാനുമുള്ള കഴിവ് ട്രോളൻമാർ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യം പരിഗണിക്കണമെന്നും ടൊവിനോ അഭ്യർത്ഥിക്കുന്നു. ടൊവിനോയുടെ പുതിയ ചിത്രമായ തീവണ്ടിയുടെ ചില രംഗങ്ങൾ പ്രചരിച്ചിരുന്നു.ടൊവിനോ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,


'വർഷങ്ങളായി മലയാളസിനിമയുടെ ശാപം ആണ് പൈറസി.
പൈറസി തടയാൻ അല്ലെങ്കിൽ ഇല്ലാതാക്കാൻ ഫലപ്രദമായ ഒരേയൊരു വഴിയേ ഞാൻ കാണുന്നുള്ളൂ !
'സിനിമാപ്രേമികളായ നമ്മൾ ഇനിമുതൽ ഒരു സിനിമയുടെയും പൈറേറ്റഡ് കോപ്പികൾ ഡൗൺലോഡ് ചെയ്യുകയോ കാണുകയോ ചെയ്യില്ല എന്ന തീരുമാനം എടുക്കുക.'മറ്റ് ഫിലിം ഇൻഡസ്ട്രികളുമായി തട്ടിച്ചു നോക്കുമ്പോൾ ചെറിയൊരു ഇൻഡസ്ട്രിയാണ് നമ്മുടെ മലയാളം ഇൻഡസ്ട്രി. ചെറിയ ബജറ്റിൽ നമ്മൾ ഒരുക്കുന്ന മലയാളസിനിമകൾ തിയറ്ററിൽ മത്സരിക്കുന്നത് ഹോളിവുഡ് ബോളിവുഡ് ടോളിവുഡ് കോളിവുഡ് ഉൾപ്പടെയുള്ള വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളോടാണ്. എന്നിട്ടും നമ്മൾ തോൽക്കാതെ തലയുയർത്തി നിൽക്കുന്നത് ഇവിടെ സൃഷ്ടിക്കപ്പെടുന്ന സിനിമകളിൽ പണിയെടുക്കുന്നവർ ഇരട്ടി പണിയെടുക്കുന്നതുകൊണ്ടാണ്. (ഒരിക്കലെങ്കിലും ഷൂട്ടിംഗ് കണ്ടിട്ടുള്ളവർക്ക് മനസ്സിലാവും) മലയാളസിനിമ നല്ലൊരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ, അതിന്‍റെ തണ്ട് തുരക്കുന്ന ഒരു ഏർപ്പാടാണ് ഈ പൈറസി. സിനിമയിലുള്ള ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ സിനിമ കാണാതിരിക്കാൻ ആർക്കും അവകാശമുണ്ട്. പക്ഷേ ഒരു സിനിമയുടെ പൈറേറ്റഡ് കോപ്പി അപ്‌ലോഡ് ചെയ്യുന്നത് നിയമപരമായി ഒരു ക്രിമിനൽ കുറ്റം ആണ്. അത് ഡൗൺലോഡ് ചെയ്ത് കാണുന്നവർ കൂട്ടുപ്രതികളും ആവുന്നു. (കള്ളനോട്ട് അടിക്കുന്നതും അത് വാങ്ങി ഉപയോഗിക്കുന്നതും പോലെ)കഷ്ടമാണ്.
ഇത് ചെയ്യുന്നവർ ഒരുപക്ഷെ അറിവില്ലായ്മ കൊണ്ടായിരിക്കാം അല്ലെങ്കിൽ തുച്ഛമായ വരുമാനത്തിന് വേണ്ടി ആയിരിക്കാം ഇത് രണ്ടും അല്ലെങ്കിൽ ഒരു സാഡിസ്റ്റിക് സുഖത്തിനു വേണ്ടിയും ആയിരിക്കാം. അവരേതായാലും മനസാക്ഷി ഇല്ലാതെ അത് തുടർന്നുകൊണ്ടിരിക്കും. പക്ഷേ, നമുക്ക് അത് കാണണ്ട എന്ന തീരുമാനം എടുത്തൂടെ? അവരെ നന്നാക്കാൻ പറ്റിയില്ലെങ്കിലും നമുക്ക് സ്വയം നന്നായിക്കൂടെ? ആവശ്യക്കാരില്ലാത്ത ഒരു സാധനം ആരും വിൽക്കില്ലല്ലോ. ലക്ഷങ്ങളും കോടികളുമൊന്നും ഇല്ലല്ലോ ഒരു സിനിമാടിക്കറ്റിന്. ഇനിമുതൽ സിനിമ അതിന്‍റെ മുഴുവൻ ക്വാളിറ്റിയിലേ കാണൂ എന്നൊരു തീരുമാനം എടുത്തൂടെ? ഞാൻ സംസാരിക്കുന്നത് മുഴുവൻ മലയാള സിനിമകൾക്കും വേണ്ടിയാണ് .കഴിയുമെങ്കിൽ സഹകരിക്കുക . നന്ദി !ആലോചിച്ചു നോക്കിയിട്ട് പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നിയാൽ ഒന്ന് ഷെയർ ചെയ്യുക!
Sorry for the late night post!
വാൽക്കഷ്ണം: ട്രോളന്മാർ Liplock ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോ ഇതുംകൂടി ഒന്ന് പരിഗണിക്കണം. നിങ്ങളിൽ നല്ല പ്രതീക്ഷ ഉണ്ട് . വെറുതെ പറയുന്നതല്ല. നല്ലകാര്യങ്ങൾ ചെയ്യാനും ആളുകളെ ചിന്തിപ്പിക്കാനുമുള്ള നിങ്ങളുടെ കഴിവ് നിങ്ങൾ തെളിയിച്ചതാണ്.

>

Trending Now