'അച്ഛേദിൻ' ഇല്ല, ഇനി 'അജയ്യ ഭാരതം, അടൽ ബി.ജെ.പി'

webtech_news18
ന്യൂഡൽഹി: പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി തെരഞ്ഞെടുപ്പിനൊരുങ്ങുന്നു. കഴിഞ്ഞ തവണത്തെ 'അച്ഛേ ദിൻ' ഉപേക്ഷിച്ചാണ് പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.'അജയ്യ ഭാരതം, അടൽ ബിജെപി' (തോൽപിക്കാനാകാത്ത ഇന്ത്യ, അടിയുറച്ച ബിജെപി) എന്ന മുദ്രാവാക്യം പാർട്ടി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപിച്ചത്. മോദിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും നേതൃത്വത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിറങ്ങാനും യോഗം തീരുമാനിച്ചു. അടുത്ത 50 വർഷവും ബിജെപി ഇന്ത്യ ഭരിക്കുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.'പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളും രാജ്യത്തിന്റെ പുരോഗതിയും മുറുകെപിടിച്ചു കൊണ്ടാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കുള്ള ആദരവു കൂടിയായാണു പുതിയ മുദ്രാവാക്യം. മുഖത്തോടു മുഖം നോക്കാൻ പോലും മടിച്ചിരുന്നവരാണ് ഇപ്പോൾ മഹാസഖ്യമുണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടെ പ്രവർത്തനം ശരിയായ ദിശയിലാണെന്നാണ് ഇതു തെളിയിക്കുന്നത്. ചെറുപാർട്ടികൾ പോലും സഖ്യത്തിൽ കോൺഗ്രസിനെ നേതൃനിരയിലേക്കു വരാൻ അനുവദിക്കില്ല. രാജ്യത്തെ സമൃദ്ധിയിലേക്കു നയിക്കുകയാണു തന്റെ ലക്ഷ്യം. ലാളിത്യത്തിലൂന്നിയായിരിക്കും അതിനുള്ള പ്രവർത്തനങ്ങൾ'– മോദി പറഞ്ഞു.

Trending Now