ഭാരത് ബന്ദിനിടെ ഇന്ധനവിലയില്‍ രണ്ടു രൂപ കുറച്ച് ആന്ധ്ര

webtech_news18
അമരാവതി: പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാരത് ബന്ദിനിടെ ഇന്ധനവില കുറച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.നികുതിയില്‍ വരുത്തിയ ഇളവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു വ്യക്തമാക്കി.


ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി. ഡല്‍ഹിയില്‍ ഇരുപത്തിയൊന്ന് എന്‍ഡിഎ ഇതര കക്ഷികള്‍ കോണ്‍ഗ്രസിന്റെ ധര്‍ണയില്‍ അണിനിരന്നു.രാജ്യത്തെ കൊള്ളയടിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. രാവിലെ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. തുടര്‍ന്ന് സമരഭൂമിയായ രാംലീല മൈതാനത്തിനു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് മാര്‍ച്ച് നടത്തി.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്ക് പുറമേ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ലോക്താന്ത്രിക് ജനാതാദള്‍ അധ്യക്ഷന്‍ ശരത് യാദവ് എന്നിവരടക്കം പ്രമുഖ പ്രതിപക്ഷകക്ഷികളുടെ നേതാക്കള്‍ സമരത്തിനെത്തി. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസിന്റെ സമരത്തില്‍ അണിനിരന്നു. അതേസമയം ഇടതു പാര്‍ട്ടികള്‍ പ്രത്യേകമായാണ് പ്രതിഷേധ പരിപാടി നടത്തിയത്.
>

Trending Now