കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ വേണമെന്ന് മസൂദ് ഹുസൈൻ

webtech_news18 , News18 India
#എംഉണ്ണികൃഷ്ണൻന്യൂഡൽഹി: കേരളത്തിൽ പ്രളയജലം തടയാൻ ദാമോദർവാലി പദ്ധതിയെ മാതൃകയാക്കി കൂടുതൽ അണക്കെട്ടുകൾ വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ അധ്യക്ഷൻ മസൂദ് ഹുസൈൻ ന്യൂസ് 18 നോട്. പമ്പ, അച്ചൻകോവിൽ, പെരിയാർ നദികളിൽ പുതിയ അണക്കെട്ടുകൾക്കുള്ള സാധ്യതാപഠനത്തിന് ജലകമ്മീഷൻ സാങ്കേതികസഹായം നൽകും. ഭാവിയിലെ പ്രളയം നേരിടാൻ സംസ്ഥാന സർക്കാർ ഫ്ളഡ് മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കണമെന്നും ജലകമ്മീഷൻ അധ്യക്ഷൻ പറഞ്ഞു.


കേരളത്തിലെ പ്രളയത്തിന് അണക്കെട്ടുകളാണ് കാരണമെന്ന തെറ്റിദ്ധാരണ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ പ്രളയജലം സംഭരിക്കാൻ സംസ്ഥാനത്ത് കൂടുതൽ അണക്കെട്ടുകൾക്കുള്ള സാധ്യത പരിശോധിക്കണം. പ്രളയജലം തടയാൻ ലക്ഷ്യമിട്ടു തുടങ്ങിയ പശ്ചിമബംഗാളിലെ ദാമോദർവാലി പദ്ധതിയാണ് കേരളം ഉദാഹരണമാക്കേണ്ടത്.പമ്പ, അച്ചൻകോവിൽ, പെരിയാർ നദികളിൽ പുതിയ അണക്കെട്ടുകൾക്കുള്ള സാധ്യതാപഠനം തുടങ്ങിയാൽ ജലകമ്മീഷൻ സാങ്കേതിക സഹായം നൽകാൻ തയ്യാറാണ്. പരിസ്ഥിതിസൗഹാർദമാണ് പൊതുവെ അണക്കെട്ടുകളെന്നും സാധ്യത പഠനത്തിൽ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടുകൾ പ്രവർത്തിപ്പിക്കാനുള്ള ചട്ടങ്ങൾ നേരത്തെ തന്നെ പരിഷ്കരിച്ചിരുന്നെങ്കിൽ പോലും നിലവിലെ പ്രളയം തടയാൻ ആകുമായിരുന്നില്ലെന്ന് കമ്മീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി മസൂദ് ഹുസൈൻ വ്യക്തമാക്കി.കേരളത്തിലെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കൂടി പരിഗണിച്ച് സമഗ്രമായ ഫ്ളഡ് മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കാൻ സംസ്ഥാന ജലവിഭവ വകുപ്പ് തയ്യാറാകണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച സംസ്ഥാനത്തിന്‍റെ ആശങ്കകൾക്ക് ഉപസമിതി ഇടപെടലിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.
>

Trending Now