- News18 Malayalam
- Last Updated: April 10, 2021, 7:20 AM IST
നാഗ്പൂർ: മഹാരാഷ്ട്രയിൽ ആശുപത്രിയിലെ കോവിഡ് ഐസിയു വാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് മരണം. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.
നാഗ്പൂരിലെ വാഡി ഏരിയയിലുള്ള ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാത്രി 8.10 ഓടെ ഐസിയു വാർഡിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. ആശുപത്രിയുടെ രണ്ടാം നിലയിലാണ് ഐസിയു വാർഡ്.
ഐസിയുവിലെ എസി യൂണിറ്റിലാണ് ആദ്യം തീപടർന്നത്. കൂടുതൽ നിലകളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചെന്ന് നാഗ്പൂർ മുൻസിപ്പൽ കോർപ്പറേഷനിലെ ഫയർ ഓഫീസർ മേധാവി രാജേന്ദ്ര ഉച്ഛ്കെ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിയിരുന്നു.
കഴിഞ്ഞ മാസം കോവിഡ് 19 ആശുപത്രി പ്രവർത്തിക്കുന്ന മുംബൈയിലെ ബൻദുപിലുള്ള ഡ്രീംസ് മാളിലുണ്ടായ തീപിടുത്തത്തിൽ 10 പേർ മരിച്ചിരുന്നു. മാളിലെ മൂന്നാം നിലയിലാണ് കോവിഡ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. സൺറൈസ് ആശുപത്രിയുടെ കോവിഡ് യൂണിറ്റാണ് മാളിൽ പ്രവർത്തിച്ചത്.
Also Read-തിരുവനന്തപുരത്ത് വൻ സ്വർണ കവർച്ച; ജ്വല്ലറി ഉടയമയെ കാർ തടഞ്ഞുനിർത്തി കൊള്ളയടിച്ചു
കെട്ടിടത്തിലെ ഒന്നാം നിലയിലുണ്ടായ തീപിടുത്തം കോവിഡ് 19 ആശുപത്രി പ്രവർത്തിക്കുന്ന നിലയിലേക്കും പടരുകയായിരുന്നു. 76 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്.