ഇന്ത്യയുടെ ഊർജ ഇറക്കുമതി വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയും ഊർജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെയുമാണ്. അതുകൊണ്ടു തന്നെ യുഎസ് നടപടി അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സമീപകാലത്ത്, റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ യുഎസ് ലക്ഷ്യംവെക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ഇറക്കുമതി, വിപണിയിലെ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് ഊര്‍ജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ഉള്ളതാണ്. മറ്റ് പല രാജ്യങ്ങളും സ്വന്തം ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ചെയ്യുന്ന അതേ നടപടികളുടെ പേരില്‍ ഇന്ത്യക്കുമേല്‍ അധികതീരുവ ചുമത്തിയ യുഎസ് നടപടി അത്യന്ത്യം ദൗര്‍ഭാഗ്യകരമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
advertisement
ഇതും വായിക്കുക: റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ; ഇന്ത്യയുടെ മേല്‍ 25 % അധിക തീരുവ ചുമത്തി ട്രംപ്
ജൂലൈ 30നാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം 25 ശതമാനം തീരുവ ചുമത്തുന്നത്. പിന്നാലെ, അടുത്ത 24 മണിക്കൂറിനകം ഇന്ത്യക്കുമേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൊവ്വാഴ്ച സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച 25 ശതമാനം അധികതീരുവ കൂടി ഇന്ത്യന്‍ കയറ്റുമതിക്കുമേല്‍ യുഎസ് ചുമത്തുന്നത്. തീരുവ വര്‍ധന ഓഗസ്റ്റ് 27ന് നിലവില്‍വരും. ഇതു സംബന്ധിച്ച് എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്കു മേലുള്ള ആകെ തീരുവ 50% ആയി.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതാണ് ട്രംപിനെ ചൊടിപ്പിക്കുന്നത്. യുക്രെയ്നുമായി യുദ്ധം ചെയ്യാൻ റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സ് ഈ പണമാണെന്നാണ് ട്രംപിന്റെ വാദം. പുതിയ തീരുവ പ്രഖ്യാപനത്തോടെ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ബ്രസീലിനൊപ്പം ഇന്ത്യ ഒന്നാമതായി. ബ്രസീസിലിനും 50 ശതമാനം തീരുവയാണ് ചുമത്തുന്നത്. സ്വിറ്റ്സർലൻഡിന് 39 ശതമാനവും കാനഡയ്ക്ക് 35 ശതമാനവും ചൈനയ്ക്ക് 30 ശതമാനവും തീരുവ ചുമത്തുന്നുണ്ട്.
Summary: India strongly condemned the United States’ decision to levy additional tariffs in response to its continued import of Russian oil, describing the move as “unfair, unjustified, and unreasonable."
