തെലങ്കാന നിയമസഭ പിരിച്ചുവിട്ടു; 'ഭാഗ്യനമ്പർ' നോക്കി തീരുമാനം

webtech_news18
ഹൈദരാബാദ്: തെലങ്കാനയിലെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിട്ടു. അടുത്തവർഷം മെയ് വരെ കാലാവധിയുണ്ടായിരുന്ന സർക്കാർ അതിന് മുൻ‌പ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് നിയമസഭ പിരിച്ചുവിട്ടത്. നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രമേയം തെലങ്കാന മന്ത്രിസഭ ഐകകണ്‌ഠ്യേന പാസാക്കി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ചന്ദ്രശേഖര റാവുവും മന്ത്രിമാരും ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനെ നേരില്‍ കണ്ട് മന്ത്രിസഭാ തീരുമാനം അറിയിച്ചു.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ചന്ദ്രശേഖര റാവുവിനോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിർദേശിച്ചിട്ടുണ്ട്. നിയമസഭ പിരിച്ചുവിടുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി എസ്.കെ ജോഷി, സര്‍ക്കാരിന്റെ മുഖ്യോപദേഷ്ടാവ് രാജീവ് ശര്‍മ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്. നര്‍സിങ് റാവു, നിയമസഭാ സെക്രട്ടറി നരസിംഹചാര്യലു തുടങ്ങിയവര്‍ ബുധനാഴ്ച ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. സെപ്തംബർ ആറാം തിയതി തന്നെയാണ് കെ.സി.ആർ നിയമസഭ പിരിച്ചുവിടുന്നതിനായി തെരഞ്ഞെടുത്തത്. ആറ് കെ.സി.ആറിന്റെ ഭാഗ്യനമ്പരാണെന്നാണ് ജ്യോതിഷിമാരുടെ അഭിപ്രായം.


ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെടുപ്പിനാണ് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി പദ്ധതിയിടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുകൂലതീരുമാനമാണ് ചന്ദ്രശേഖര്‍ റാവു പ്രതീക്ഷിക്കുന്നത്.നിയമസഭ പിരിച്ചുവിടുന്ന തിരുമാനത്തിന് മുമ്പായി റാവു ബുധനാഴ്ച സംസ്ഥാന ജീവനക്കാരുടെ അസോസിയേഷന്‍ നേതാക്കളെ കണ്ടു ചര്‍ച്ച നടത്തി. ജീവനക്കാര്‍ക്ക് തൃപ്തികരമായ രീതിയില്‍ ഇടക്കാലാശ്വാസം നല്‍കാന്‍ തീരുമാനിച്ചതായാണ് വിവരം.അതേസമയം, ഡിസംബറിൽ മറ്റ് നാല് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്നും വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ സമയം അനുവദിക്കണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടില്ലെങ്കിൽ നിയമവഴി തേടാനാണ് കോൺഗ്രസ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിൽ ടി.ആർ.എസിന് ചില ആശങ്കകളുണ്ട്. രാഹുൽഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടിയാൽ അത് അവർക്ക് നേട്ടമാകുമോ എന്നതാണ് ആശങ്ക. ഇത് കൂടി കണക്കിലെടുത്താണ് നേരത്തെ പിരിച്ചുവിട്ട് ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ടി.ആർ.എസ് എടുത്തത്.
>

Trending Now