ഭാരത് ബന്ദില്‍ ഏഴു മരണം

ബന്ദിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു

webtech_news18 , Advertorial
ഭാരത്ബന്ദിനെ തുടര്‍ന്നുണ്ടായ വ്യാപക ആക്രമണങ്ങളില്‍ ഏഴു മരണം. മധ്യപ്രദേശിലെ മോറിനയിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.കോണ്‍ഗ്രസ്, ഭാരിപ് ബഹുജന്‍ മഹാസംഘ്, ജനതാ ദള്‍, സിപിഐ, വിവിധ ട്രേഡ് യൂണിയനുകള്‍, രാഷ്ട്രീയ സേവാ ദള്‍, ജാതി ആന്ദ് സംഘര്‍ഷ് സമിതി, സംവിധാന്‍ സംവര്‍ധന്‍ സമിതി, നാഷനല്‍ ദലിത് മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് തുടങ്ങിയ സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


ബന്ദിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വ്യാപക അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പലയിടങ്ങളിലും പോലീസ് വാഹനങ്ങള്‍ അടക്കം അഗ്നിക്കിരയാക്കി. കെട്ടിടങ്ങള്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തു. പല സംസ്ഥാനങ്ങളിലും ട്രെയിന്‍ തടയല്‍ അടക്കമുള്ള പ്രതിഷേധ പരിപാടികളും അരങ്ങേറിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ പ്രശ്‌നബാധിത മേഖലകളില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.പഞ്ചാബില്‍ മുന്‍കരുതലിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതുഗതാഗതം റദ്ദാക്കുകയും മൊബൈല്‍ ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് താത്ക്കാലികമായി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.സത്യസന്ധരായ പൊതുപ്രവര്‍ത്തകരെയും പട്ടികജാതി-പട്ടികവര്‍ഗ പീഡന നിയമം ദുരുപയോഗപ്പെടുത്തി കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഉടന്‍ അറസ്റ്റെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഒട്ടേറെ നിരപരാധികളെ കുടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തില്‍ തന്നെ നില്‍നില്‍ക്കുന്നതല്ലെന്ന് ബോധ്യമുള്ളതുമായ കേസുകളില്‍ ഉടന്‍ അറസ്റ്റ് നിബന്ധന ബാധകമല്ലെന്നും ആ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു, ഇതിനെതിരെയാണ് ദളിത് സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.    
>

Trending Now