മകൻ ആൺസുഹൃത്തിനെ ഉടൻ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ഒരമ്മ

webtech_news18 , News18 India
#ജോയ്സ് ജോയ്മുംബൈ: സാമൂഹ്യപ്രവർത്തകയാണ് ഒപ്പം ആക്ടിവിസ്റ്റുമാണ് പദ്മ അയ്യർ. എന്നാൽ, സ്വവർഗാനുരാഗിയായ മകൻ ഹരീഷ് അയ്യർക്കു വേണ്ടി ജീവിതപങ്കാളിയെ തേടി പരസ്യം നൽകിയതിലൂടെയാണ് പദ്മ അയ്യർ എന്ന വനിത കൂടുതൽ അറിയപ്പെട്ടു തുടങ്ങിയത്. അന്ന് അമ്മയുടെ പരസ്യം ഫലം കണ്ടു. മകന്‍റെ വരനാകാൻ നിരവധിയാളുകളാണ് ഇ-മെയിലിലൂടെയും മറ്റും എത്തിയത്. എന്നാൽ അങ്ങനെയെത്തിയ ആലോചനകളിലൊന്നും മകൻ തൃപ്തനായില്ല. പക്ഷേ, അമ്മയും മകനും സ്വവർഗാനുരാഗികളുടെ അവകാശസംരക്ഷണത്തിനായി സജീവമായി രംഗത്തിറങ്ങി. സ്വവർഗലൈംഗികത ഇനി ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയിൽ ആഹ്ളാദിക്കുന്നവരിൽ ഈ അമ്മയും മകനുമുണ്ട്.


സുപ്രീംകോടതി വിധിയിൽ വളരെയധികം സന്തോഷമുണ്ടെന്ന് പദ്മ അയ്യർ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു. നിയമം എതിരു നിൽക്കുന്നതു കൊണ്ട് പലർക്കും തന്‍റെ ആൺസുഹൃത്തിനൊപ്പമോ പെൺസുഹൃത്തിനൊപ്പമോ ജീവിക്കാൻ സാധിക്കുന്നില്ല. മെസഞ്ചറിലൂടെയും വാട്സാപ്പിലൂടെയും മറ്റും സംസാരിക്കവെ ഭൂരിഭാഗം കുട്ടികളും സ്വവർഗാനുരാഗത്തെക്കുറിച്ച് തുറന്നു പറയാൻ തങ്ങൾക്ക് ഭയമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ, ഇനി ആ ഭയത്തിന് പ്രസക്തിയില്ലെന്നും ആ കുട്ടികളെക്കുറിച്ച് ഓർക്കുമ്പോൾ സന്തോഷം തോന്നുന്നെന്നും അവർ പറഞ്ഞു.പങ്കാളിയെ തേടി പരസ്യം നൽകിയെങ്കിലും വന്ന ആലോചനകളൊന്നും മകന് ഇഷ്ടമായില്ലെന്നും താമസിയാതെ തന്നെ ഒരു ആൺസുഹൃത്തിനെ മകൻ കണ്ടെത്തുമെന്നു തന്നെയാണ് തന്‍റെ പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനം മകന്‍റേതു മാത്രമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. അനുകൂലമായ വിധി നേടിയെടുക്കുന്നതിനു വേണ്ടി പോരാട്ടം നടത്തിയവർക്കൊപ്പം ഹരീഷുമുണ്ടായിരുന്നു. പരാതിയിൽ ഒപ്പിട്ടവരിൽ ഒരാൾ ഹരീഷായിരുന്നു. അതുകൊണ്ടു തന്നെ മകൻ വലിയ സന്തോഷത്തിലാണെന്നും അവർ പറഞ്ഞു.സ്വവർഗാനുരാഗികളായ കുട്ടികളെ മാതാപിതാക്കൾ അംഗീകരിക്കണമെന്നും പദ്മ പറഞ്ഞു. കാരണം, മാതാപിതാക്കൾ അവരുടെ കുട്ടിയെ അംഗീകരിച്ചാൽ ഈ ലോകം മുഴുവനും അവരെ അംഗീകരിക്കും. ഇത്തരത്തിലുള്ള കുട്ടികളെ മാതാപിതാക്കൾ അംഗീകരിക്കണം. നിയമം ഇപ്പോൾ അനുകൂലമാണ്. അതുകൊണ്ടു തന്നെ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.
>

Trending Now