ആശാവർക്കാർമാർക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം; ഓണറേറിയം വർധിപ്പിക്കും

webtech_news18
ന്യൂഡൽഹി: പതിനായിരക്കണക്കിന് വരുന്ന ആശാവർക്കർമാർക്കും അങ്കണവാടി വർക്കർമാർക്കും പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം. ഒക്ടോബർ മുതൽ‌ ഇവരുടെ ബത്ത വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. എല്ലാ ആശാപ്രവർത്തകർക്കും സഹായികൾക്കും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, സുരക്ഷ ബീമ യോജന എന്നിവയ്ക്കു കീഴിൽ സൗജന്യ ഇൻഷുറൻസും ഉറപ്പാക്കും.നാലു ലക്ഷം രൂപ ലഭിക്കുന്ന ഇന്‍ഷുറന്‍സില്‍ സൗജന്യമായിട്ടാകും ഇവരെ അംഗങ്ങളാക്കുക. പ്രീമിയം കേന്ദ്ര സര്‍ക്കാര്‍ അടയ്ക്കും. അങ്കണവാടി- ആശാ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടും പെന്‍ഷനും ചികിത്സാ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സഹായങ്ങളില്‍ പലതും ഐസിഡിസ് പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കും. അങ്കണവാടി ജീവനക്കാർക്കുള്ള ഓണറേറിയം വർധിപ്പിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.


1500 രൂപയില്‍നിന്ന് ഓണറേറിയം 2250 രൂപയായാണ് വർധിപ്പിച്ചത്. നിലവിൽ 3000 രൂപ ലഭിക്കുന്ന അങ്കണവാടി ജീവനക്കാർക്ക് ഇനി 4500 നൽകു. 2200 രൂപ ലഭിക്കുന്നവർക്ക് തുക 3500 ആയി വർധിപ്പിക്കുമെന്നും മോദി അറിയിച്ചു. ആ‌ശാ പ്രവർത്തകര്‍, എഎൻഎം, അങ്കണവാടി ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യമേഖലയിൽ മികവുറ്റ നേട്ടങ്ങൾക്കാണു കേന്ദ്രം ശ്രമിക്കുന്നത്. പോഷകമൂല്യമുള്ള ഭക്ഷണവും ഗുണമേന്മയോടെയുള്ള ആരോഗ്യസൗകര്യങ്ങളും ഉറപ്പാക്കുന്നതിലാണ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയെന്നും പ്രധാനമന്ത്രി പറഞ്ഞു. 
>

Trending Now