സ്ത്രീകൾക്ക് എതിരെ അക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

webtech_news18 , Advertorial
ന്യൂഡൽഹി: സ്ത്രീകൾക്ക് എതിരായ ഒരു അക്രമവും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കത്‌വ, ഉന്നാവോ സംഭവങ്ങളിൽ പെൺകുട്ടികൾക്ക് നീതി ലഭിക്കുമെന്നു പറഞ്ഞ അദ്ദേഹം പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമം രാജ്യത്തിന് നാണക്കേടാണെന്നും പറഞ്ഞു.ന്യൂഡൽഹിയിൽ ഡോ അംബേദ്കർ മെമ്മോറിയൽ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് കത്‌വ, ഉന്നാവോ സംഭവങ്ങളിൽ പ്രധാനമന്ത്രി ആദ്യമായി മനസു തുറന്നത്. ഇത് ലജ്ജാകരമായ സംഭവമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഒരു രാജ്യമെന്ന നിലയിലും ഒരു സമൂഹം എന്ന നിലയിലും നമ്മൾ ലജ്ജിക്കണമെന്നും പറഞ്ഞു. സംഭവത്തിൽ പ്രതികൾ ഒരു തരത്തിലും ദയയ്ക്ക് വിധേയരാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീതി പൂർണമായും നടപ്പാക്കണം. നമ്മുടെ മക്കൾക്ക് നീതി തീർച്ചയായും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ഉന്നാവോ ബലാൽസംഗകേസിൽ ആരോപിതനായ ബിജെപി എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി . കുൽദീപ് സിംഗ് സൻഗാർ എംഎൽഎയെ ഇന്നലെ തന്നെ സി ബി ഐ കസ്റ്റഡിയിൽ എടുത്തിരുന്നു.കശ്മീരിൽ ആസിഫയെന്ന എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഡൽഹിയിൽ ഇന്നലെ രാത്രി നടന്ന പ്രതിഷേധത്തിന് തുടർച്ചയായി മുംബയിലും പ്രതിഷേധങ്ങൾ നടക്കുകയാണ്.
>

Trending Now