രാഹുൽഗാന്ധി രാജ്യത്തെ വലിയ കോമാളി; നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ കടന്നാക്രമണവുമായി കെ.സി.ആർ

webtech_news18
ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചു വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്നാണ് രാഹുല്‍ ഗാന്ധിയെ ചന്ദ്രശേഖര റാവു വിശേഷിപ്പിച്ചത്. നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം എടുത്തതിന് ശേഷം തെലങ്കാന ഭവനില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.'പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ രാഹുല്‍ ആലിംഗനം ചെയ്യുന്നതും കണ്ണിറുക്കി കാണിക്കുന്നതും രാജ്യം മുഴുവന്‍ കണ്ടു. രാഹുല്‍ ഗാന്ധി തെലങ്കാനയില്‍ എത്രത്തോളം കോണ്‍ഗ്രസ് പ്രചാരണത്തിനായി എത്തുന്നോ അത്രത്തോളം തങ്ങളുടെ വിജയം അനായാസമാകും' - ചന്ദ്രശേഖര റാവു പറഞ്ഞു.

എല്ലാ പാരമ്പര്യവും അനന്തരാവകാശമായി ലഭിച്ചയാളാണ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയുടെ അടിമയാകരുതെന്നാണ് തനിക്ക് തെലങ്കാനയിലെ ജനങ്ങളോട് പറയാനുള്ളതെന്നും തെലങ്കാനയുടെ തീരുമാനങ്ങള്‍ ഇവിടെ തന്നെ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കോൺഗ്രസ് നേതാക്കളെത്തിയാൽ ജനം മറുപടി നൽകും. 2014ന് മുൻപ് ബോംബ് സ്ഫോടനങ്ങൾ, വൈദ്യുതി ക്ഷാമം, വർഗീയ ലഹള തുടങ്ങിയ പ്രശ്നങ്ങളെ തെലങ്കാന നേരിട്ടിരുന്നു. എന്നാൽ ഇന്ന് ഇതിൽ നിന്നെല്ലാം സംസ്ഥാനം മുക്തമാണ്. തെലങ്കാനയിലെ എല്ലാ സീറ്റിലേക്കും തങ്ങള്‍ തനിച്ച് മത്സരിക്കും. ടി.ആർ.എസ് മതേതര പാർട്ടിയാണ്. ഈ സാഹചര്യത്തിൽ ബി.ജെ.പിയുമോയി എങ്ങനെ കൈകോർക്കുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ഓൾ ഇന്ത്യ മജ്ലിസ് ഇ- ഇത്തെഹാദുൽ മുസ്ലിമീൻ (എം.ഐ.എം)പാർട്ടിയുമായുള്ള സൗഹൃദം തുടരുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.ഇതിന് പിന്നാലെ മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി. കെ.സി.ആർ ആധുനിക തുഗ്ലക് ആണെന്നും ബി.ജെ.പിയുടെ പിണിയാളാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല തിരിച്ചടിച്ചു. നിയമസഭ നേരത്തെ പിരിച്ചുവിട്ടത് സംബന്ധിച്ച് കെ.സി.ആർ ജനങ്ങളോട് വിശദീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
>

Trending Now