ജയിൽ മോചനത്തെ എതിർക്കാത്ത രാഹുലിന് നന്ദി പറഞ്ഞ് നളിനി; കേന്ദ്രത്തിന്റെ മഹാമനസ്കതയ്ക്കായി പ്രാർഥന

webtech_news18 , News18 India
ചെന്നൈ: കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ. പിതാവിന്റെ ഘാതകർക്ക് മാപ്പ് നൽകിയതിനും ജയിൽ മോചനത്തെ എതിർക്കാതിരുന്നതിനുമാണ് നളിനി രാഹുലിന് നന്ദി പറഞ്ഞത്. കേസിൽ 25 വർഷമായി ജയിലിൽ കഴിയുകയാണ് നളിനി.സിഎൻഎൻ- ന്യൂസ് 18നു നൽകിയ അഭിമുഖത്തിലാണ് നളിനി ഇക്കാര്യം വ്യക്തമാക്കിയത്. അച്ഛനുമമ്മയും ഉടൻ തിരിച്ചുവരുമെന്നും ഒന്നിച്ച് സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുമെന്നും മകളെ അറിയിച്ചിട്ടുണ്ടെന്നും നളിനി പറഞ്ഞു. വെല്ലൂരിൽ സ്ത്രീകൾക്കായുള്ള പ്രത്യേക ജയിലിലാണ് നളിനി.


കേന്ദ്ര സർക്കാർ മഹാമനസ്കതയോടെ പെരുമാറട്ടെ എന്നാണ് പ്രാർഥിക്കുന്നത്. വേദനാജനകമായ നിരവധി സംഭവങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. എല്ലാ വേദനകളും മറക്കണം. ഇനിയുള്ള ജീവിതം മകൾക്കൊപ്പം ചെലവിടാനാണ് ആഗ്രഹിക്കുന്നത്- നളിനി പറഞ്ഞു.രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാനുള്ള തീരുമാനത്തിനൊപ്പമാണെന്നാണ് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. പ്രതികളുടെ മോചനം അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആഗ്രഹമായിരുന്നുവെന്ന് തമിഴ്നാട് നിയമമന്ത്രി സി വി ഷൺമുഖൻ പറഞ്ഞു.അതേസമയം തമിഴ്നാട് സർക്കാരിനെതിരായ നിലപാടാണ് കേന്ദ്രം സുപ്രീംകോടതിയിൽ സ്വീകരിച്ചത്. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ എത്രയും പെട്ടെന്നു തന്നെ ജയിൽ മോചിതയാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നളിനി.
>

Trending Now