ജീവനല്ല വലുത്: അവള്‍ക്ക് നീതി ലഭിക്കണം : കാശ്മീരില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്കായി പോരാടുന്നതിവരാണ്

കുറ്റപത്രം അനുസരിച്ച് റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗ-കൊലപാതകത്തിന്റെ സൂത്രധാരന്‍

webtech_news18 , Advertorial
കാശ്മീരിലെ കത്വ ജില്ലയില്‍ എട്ടുവയസുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തെയാകെ പിടിച്ചുലച്ചിരുന്നു. ഹൈന്ദവ ഭൂരിപക്ഷ മേഖലയില്‍ കുടിയേറി താമസിച്ച ബകര്‍വാള്‍ എന്ന മുസ്ലീം നാടോടി വിഭാഗത്തെ അവിടെ നിന്നും തുരത്തിയോടിക്കാന്‍ ചില ഉന്നത ജാതിക്കാര്‍ നടത്തിയ ക്രൂരമായ ആസൂത്രണമായിരുന്നു പിഞ്ചുബാലികയുടെ കൊലപാതകമെന്നായിരുന്നു പോലീസ് പറഞ്ഞത്.എട്ടുവയസ്സുകാരിയായ ആ കുരുന്നു തട്ടിക്കൊണ്ടു പോകപ്പെട്ട ദിവസം മുതല്‍ നേരിടേണ്ടി വന്ന അതിക്രൂരമായ പീഡനങ്ങള്‍ വിശദമായി വിവരിച്ച് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും നല്‍കാത്ത വിധത്തില്‍ തന്നെ പോലീസ് ചാര്‍ജ്ഷീറ്റ് തയ്യാറാക്കിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരടക്കം പ്രതിയായ സംഭവത്തില്‍ ചില തീവ്ര ഹൈന്ദവ സംഘടനകള്‍ പ്രതികളെ അനുകൂലിച്ച് തെരുവിലിറങ്ങിയതോടെ വിഷയം വേറൊരു തലത്തിലേക്ക് മാറുകയായിരുന്നു.


ബിജെപി എംഎല്‍എമാരടക്കം ഈ പ്രതിഷേധത്തില്‍ പങ്കാളികളായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയില്‍ ചാര്‍ജ് ഷീര്‍ജ് സമര്‍പ്പിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ അതിനു സമ്മതിക്കാതെ ഭീഷണിപ്പെടുത്തി മടക്കി അയക്കാന്‍ ഒരുവിഭാഗം അഭിഭാഷകരും രംഗത്തെത്തിയതും വര്‍ഗ്ഗീയ ഭീകരത രാജ്യത്ത് എത്രമാത്രം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്നതിന് പ്രത്യക്ഷമായ തെളിവ് തന്നെ നല്‍കി. എന്നാല്‍ ഭീഷണികളും പ്രതിഷേധങ്ങളും അവഗണിച്ച് ആ എട്ടുവയസുകാരിയുടെ നീതിക്കായി ജനങ്ങള്‍ ഒത്തു ചേര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം സംഭവത്തിന് വന്‍പ്രചാരം തന്നെ ലഭിച്ചു.രാജ്യത്തിന്റെ പലഭാഗത്തും ജനങ്ങള്‍ ഒത്തുകൂടി പ്രതിഷേധ സംഗമങ്ങളും സംഘടിപ്പിച്ചു.അതിനിഷ്ഠൂരമായ കൊലചെയ്യപ്പെട്ട ആ കുഞ്ഞിന് വേണ്ടി രാജ്യം ഒന്നാകെ കണ്ണീര്‍ വീഴ്ത്തിയതിനും അവള്‍ക്കായി പോരാട്ടത്തിനിറങ്ങിയതിനും കാരണക്കാരായ രണ്ട് പേരുണ്ട്. കുട്ടിയെ കാണാതായ സംഭവം അന്വേഷിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രമേശ് കുമാര്‍ ജല്ലയും അഭിഭാഷകയായ ദീപ്തി സിംഗും. തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിലടയ്ക്കപ്പെട്ട കുട്ടി കൊല്ലപ്പെടുന്നത് വരെ നേരിടേണ്ടി വന്ന അതിക്രൂരതകള്‍ വിശദമായി ഉള്‍പ്പെടുത്തി തന്നെ പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു.രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ ആറംഗ സംഘം ആ കുരുന്നിന് മേല്‍ നടത്തിയ ക്രൂര പീഡനങ്ങള്‍ മനുഷ്യ മനസാക്ഷിയെ തന്നെ തകര്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. കൊലപാതകത്തെ കുറ്റപത്രം വിവരിക്കുന്നത് ഇങ്ങനെയാണ്-കൊച്ചുകുട്ടിയായ ഇരയ്ക്ക് മേല്‍ തികച്ചും നിഷ്ഠൂരമായ ബലാത്സംഗം പലവട്ടം ആവര്‍ത്തിച്ചശേഷം പ്രതിയായ ഖജൂരിയ തന്റെ ഇടത്തെ തുട അവളുടെ കഴുത്തില്‍ വച്ച ശേഷം കൈകള്‍ക്കൊണ്ട് കഴുത്തൊടിച്ചു. എന്നിട്ടും മരിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ പുറത്ത് മുട്ടു കുത്തിനിന്ന് അവളുടെ ഷാള്‍കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരാത്താന്‍ പ്രതികള്‍ പാറക്കല്ലുകൊണ്ട് അവളുടെ തലയില്‍ ആഞ്ഞ് രണ്ട് വട്ടം പ്രഹരിക്കകയും ചെയ്തു.കുറ്റപത്രം അനുസരിച്ച് റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗ-കൊലപാതകത്തിന്റെ സൂത്രധാരന്‍. അയാളും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ മൂന്നുപേരേയും കൂടാതെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്‌കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദത്ത,രാജ് എന്നീ പോലീസുകാരെ തെളിവുനശിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റുചെയ്തത്.ഹൈന്ദവ സംഘടനകളില്‍ നിന്നടക്കം പ്രതികളെ രക്ഷിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഇതെല്ലാം മറികടന്ന് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നത് ജല്ലയാണ്. പെണ്‍കുട്ടിയുടെ കൊലപാതകം ഹൈന്ദവ- ഇസ്ലാം വിഷയമാക്കി വര്‍ഗ്ഗീയവത്കരണം ഒരു വശത്ത് നടക്കുമ്പോഴാണ് ജല്ലയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ നിന്ന് പിന്നോട്ട് പോകാതെ നീതിക്കായി നിലകൊണ്ടത്. റെക്കോഡ് സമയത്തിനുള്ളിലാണ് ഇവര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.ജനുവരി പത്തിന് കുട്ടിയെ കാണാതായെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പൊലീസ് അന്വേഷണം ഫലപ്രദമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അഭിഭാഷകയായ ദീപിക സിംഗ് ഇടപെടുന്നത്. ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് കേസ് ജല്ലയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ പക്കല്‍ എത്തുന്നത്. ബാര്‍ അസോസിയേഷന്റെയും ചില ഉന്നത നേതാക്കളുടെയും ഭീഷണി മറികടന്നാണ് ദീപിക നിയമപോരാട്ടം കടുപ്പിച്ചത്. വധഭീഷണികള്‍ അടക്കം ലഭിച്ച സാഹചര്യത്തില്‍ ഇവര്‍ പോലീസ് സുരക്ഷയും ആവശ്യപ്പെട്ടിരുന്നു.സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ ഒരു കുരുന്നിന് നീതി തേടി പോരാടിയ ദീപികയും ജല്ലയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. അധികാരത്തിന്റെയും സവര്‍ണ്ണ മേധാവിത്വത്തിന്റെയും ഹുങ്കില്‍ ചവിട്ടിയരക്കപ്പെട്ട ഒരു കുരുന്ന്ജീവന്‍ പത്രത്തിലെ ഒരു കോളം വാര്‍ത്തയില്‍ ഒതുങ്ങാതെ ഇന്ന് ലോകമെങ്ങുമുള്ള ജനഹൃദയങ്ങളില്‍ വിങ്ങലായി നിറയാന്‍ കാരണം ഇവരാണ്. ജാതിക്കും മതത്തിനും വര്‍ഗ്ഗീയതയ്ക്കുമപ്പുറം മനുഷ്യത്വത്തിനും നീതിക്കും തങ്ങളുടെ കര്‍ത്തവ്യത്തിനും സ്ഥാനം നല്‍കിയ രണ്ട് പേര്‍. 
>

Trending Now