രാജീവ് വധക്കേസിലെ പ്രതി പേരറിവാളന്റെ ദയാഹർജി ഗവർണർക്ക് പരിഗണിക്കാമെന്ന് സുപ്രീംകോടതി

webtech_news18
ന്യൂഡൽഹി: ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളൻ നൽകിയ ദയാഹർജി പരിഗണിക്കാൻ തമിഴ്നാട് ഗവര്‍ണറോട് സുപ്രീം കോടതി. ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, നവീൻ സിൻഹ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണു നിർദേശം. പ്രതികളെ മോചിപ്പിക്കുന്നതിനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നല്‍കിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി.തമിഴ്നാടിന്റെ നിലപാടുമായി യോജിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ ആഗസ്റ്റിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രതികൾക്കു മാപ്പ് നൽകുന്നത് അപകടകരമായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. രണ്ട് വർഷം മുന്‍പ് സമർപ്പിച്ച ദയാഹർജിയിൽ നാളിതുവരെയായി തമിഴ്നാട് ഗവർണർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പേരറിവാളൻ സുപ്രീംകോടതിയെ ബോധിപ്പിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ച ബാറ്ററി നൽകിയെന്ന കുറ്റമാണ് പേരറിവാളന്റെ പേരിൽ ചുമത്തിയിരിക്കുന്നത്.


1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ധനു എന്നു പേരുള്ള വനിതാ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. കേസിൽ പേരറിവാളൻ ഉൾപ്പെടെ ഏഴു പ്രതികളാണുള്ളത്. പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് 2016ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിച്ചു. ഭരണഘടനയുടെ 161-ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ്‌ എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്. ഇത് ചോദ്യം ചെയ്ത്‌കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
>

Trending Now