മഴവിൽ നിറമുള്ള വിധി; സ്വവർഗരതി ഇനി കുറ്റകരമല്ല, നിയമവിധേയം

webtech_news18 , News18 India
ന്യൂഡൽഹി: ഉഭയ സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത ഇനി കുറ്റകരമല്ല. സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് കോടതി വിധിച്ചു. സ്വവര്‍ഗലൈംഗികത നിയമവിധേയമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി.ഇനി പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികബന്ധം കുറ്റകരമല്ല. ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുതെന്നും വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും കോടതി നിരീക്ഷിച്ചു. എല്‍ജിബിടി സമൂഹത്തിന് മറ്റെല്ലാവര്‍ക്കുമുള്ള അവകാശങ്ങളുണ്ട്. പരമ്പരാഗത കാഴ്ചപ്പാടുകള്‍ അവസാനിപ്പിക്കാനുള്ള സമയമായെന്നും ചീഫ് ജസ്റ്റിസ് വിധിന്യായത്തില്‍ പറഞ്ഞു. നാല് വിധി പ്രസ്താവമുണ്ടെങ്കിലും അഞ്ചംഗ ഭരണഘടനാബഞ്ചിന് വിധിയില്‍ ഏകാഭിപ്രായമായിരുന്നു.


ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിഖ്യാതമായ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, എ എം കൻവിൽകർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരായിരുന്നു ഭരണഘടന ബെഞ്ചിലെ മറ്റ് അംഗങ്ങൾ. അതേസമയം, മൃഗങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമായി തന്നെ നിലകൊള്ളും.ജസ്റ്റിസ് ദിപക് മിശ്ര പറഞ്ഞത്'ഓരോ വ്യക്തികൾക്കും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുണ്ട്. അതിൽ നിന്ന് മാറിനിൽക്കാൻ ആർക്കും കഴിയുകയില്ല. വ്യക്തികൾക്ക് അവരുടെ സ്വന്തം നിലപാടുകൾ ആവിഷ്കരിക്കാൻ കഴിയുന്നില്ലെങ്കിൽ അത് മരണത്തിന് തുല്യമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര. സമൂഹത്തിലെ വൈവിധ്യങ്ങൾ അംഗീകരിക്കപ്പെടേണ്ടതാണ്. ഭരണഘടനാപരമായ സദാചാരം ജനങ്ങളുടെ പൊതുവികാരവുമായി ഒത്തു പോകണമെന്നില്ല.മുന്‍ധാരണകളും നാണക്കേടും ഇപ്പോഴും സമൂഹത്തിലെ ചില വിഭാഗങ്ങള്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. എന്നാല്‍, പുരോഗമനപരവും പച്ചയായ യാഥാർത്ഥ്യങ്ങളും മനസിലാക്കേണ്ടതുണ്ട്. സമൂഹത്തിലെ വൈവിധ്യവും നിലനിര്‍ത്തപ്പെടണം. ഭരണഘടനാപരമായ സദാചാരവും പൊതുവികാരവും തമ്മില്‍ ഐക്യപ്പെടണമെന്നില്ല.'.
>

Trending Now