സ്വവര്‍ഗ ലൈംഗികത ക്രിമിനൽ കുറ്റമാണോയെന്ന് ഇന്നറിയാം

webtech_news18 , News18 India
ന്യൂഡൽഹി: ഉഭയ സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ നിർണ്ണായക വിധി ഇന്ന്. ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ്‌ ഹർജികളിൽ വിധി പറയുക. ലൈംഗികത വ്യക്തികളുടെ സ്വകാര്യ സ്വാതന്ത്ര്യവും മൗലിക അവകാശവുമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ആം വകുപ്പ് സുപ്രീംകോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുമോ? സ്വവർഗാനുരാഗികളും നിയമവൃത്തങ്ങളും ആകാംഷയോടെ ഉറ്റുനോക്കുന്ന കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കുക. നർത്തകി നവ് തേജ് സിംഗ് ജോഹർ അടക്കം അഞ്ചു വ്യക്തികൾ നൽകിയ ഹർജികളിൽ ജൂലൈയിലാണ് കോടതിയിൽ വാദം പൂർത്തിയായത്.സ്വകാര്യത മൗലിക അവകാശമാണെന്ന ഒന്‍പതംഗ ഭരണഘടന ബെഞ്ച്‌ വിധിയുടെ അടിസ്ഥാനത്തില്‍ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരുടെ വാദം. വിഷയത്തില്‍ കോടതിയില്‍ നിലപാട്‌ എടുക്കാതെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കോടതിക്ക്‌ വിട്ടു. ഹര്‍ജി പരിഗണിക്കവെ സ്വവര്‍ഗ അനുരാഗം നിയമ വിധേയമാക്കുന്നതിനെ അനുകൂലിച്ച്‌ നിരവധി പരാമര്‍ശങ്ങള്‍ ബെഞ്ചില്‍ നിന്നും ഉണ്ടായി. ക്രിമിനല്‍ കുറ്റം അല്ലാതായാല്‍ ഈ വിഭാഗക്കാര്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനത്തിനും അപമാനത്തിനും അവസാനമുണ്ടാകുമെന്ന്‌ കോടതി പറഞ്ഞു.ഉഭയസമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികതയ്ക്ക് അപ്പുറം മറ്റു വിഷയങ്ങളിലേക്ക് കടക്കില്ലെന്നും കോടതി സൂചിപ്പിച്ചിരുന്നു. നാസ്‌ ഫൗണ്ടേഷൻ നല്‍കിയ ഹര്‍ജിയില്‍ 2009ല്‍ ഡല്‍ഹി ഹൈക്കോടതി പരസ്‌പര സമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികത നിയമ വിധേയമാക്കിയിരുന്നു. എന്നാല്‍ 2013ല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. അതേസമയം സ്വവര്‍ഗരതി നിയമ വിധേയമായാല്‍ സ്വവര്‍ഗ വിവാഹം, ദത്തെടുക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ നിയമ നിര്‍മ്മാണം വേണ്ടി വരും.
>

Trending Now