താഴ്ന്ന ജാതിക്കാരി ഉച്ചഭക്ഷണം ഉണ്ടാക്കി; കഴിക്കാതെ പ്രതിഷേധിച്ച് പ്രൈമറി സ്കൂൾ വിദ്യാർഥികൾ

webtech_news18 , News18 India
സിതാപൂർ:  ഉച്ചഭക്ഷണം പാകം ചെയ്തത് താഴ്ന്ന ജാതിക്കാരിയായ സ്ത്രീയാണെന്ന് ആരോപിച്ച് പ്രൈമറി സ്കൂൾ വിദ്യാർഥികൾ ഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചു. ഉത്തർപ്രദേശിലെ സിതാപൂർ ജില്ലയിലെ സ്കൂളിലായിരുന്നു രക്ഷകർത്താക്കളുടെ നിർദ്ദേശ പ്രകാരം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിഷേധത്തെ തുടർന്ന് സ്കൂളിൽ ഉണ്ടായിരുന്ന 76 കുട്ടികളിൽ ആറ് പേർ മാത്രമാണ് ഭക്ഷണം കഴിച്ചത്. ശേഷിക്കുന്ന ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും ഉപേക്ഷിച്ചു.യാദവന്മാരും ബ്രാഹ്മണരും ആധിപത്യം സ്ഥാപിച്ച പ്രദേശത്ത്  താഴ്ന്ന ജാതിക്കായായ സ്ത്രീയാണ്  ഭക്ഷണം പാചകം ചെയ്യുന്നതെന്നറിഞ്ഞ രക്ഷിതാക്കൾ സ്കൂളിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു. പതിവായി ഭക്ഷണം പാകം ചെയ്തിരുന്നയാൾ എത്താതിരുന്നതിനെ തുടർന്നാണ് അരഖ് സമുദായത്തിൽപെട്ട മറ്റൊരു സ്ത്രീയെ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി ഏൽപ്പിച്ചത്. രക്ഷിതാക്കളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെന്നും എന്നാൽ അവർ കുട്ടികളെ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വിലക്കിയെന്നും സ്കൂൾ പ്രൻസിപ്പാൾ മനോജ് കുമാർ പറയുന്നു.


കുട്ടികളുടെ മനസ്സിൽ നിന്ന് ജാതി വിവേചനം ഇല്ലാതാക്കുന്നതിനായി പിന്നാക്ക ജാതിക്കാരെ പാചകക്കാരായി നിയമിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ഉത്തർ പ്രദേശ് സർക്കാരിന്റെ ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് ലംഘിച്ചാണ് പാചകക്കാരിയെ ബഹിഷ്കരിച്ചതെന്ന് മുൻ ഐപിഎസ് ഓഫീസറും സാമൂഹ്യ പ്രവർത്തകനുമായ എസ്.ആർ. ദാറാപുരി നടത്തിയ അന്വേഷണത്തിൽ പറയുന്നു.അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ല. 
>

Trending Now