ഒടിഞ്ഞ ഫുട്ബോർഡ് കയറുവച്ച് കെട്ടി.... ഒരു ട്രെയിൻ യാത്ര

webtech_news18
സംസ്ഥാനത്ത് ഓടിക്കുന്ന മിക്ക ട്രെയിനുകളിലുമുള്ളത് കാലപ്പഴക്കം ചെന്ന കോച്ചുകൾ. ചില കോച്ചുകളാകട്ടെ പഴകി പൊളിഞ്ഞ് ഏതു നിമിഷം അപകടം ഉണ്ടാക്കുന്ന അവസ്ഥയിലും. കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ കോച്ചുകള്‍ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണെന്നതിന്റെ അവസാന ഉദാഹരണമാണ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മലബാർ എക്സ് പ്ര സിൽ കണ്ടത്. ഒന്നാമത്തെ കോച്ചിന്റെ ഫുട്ബോർഡ് ഇളകി തൂങ്ങുകയായിരുന്നു. ഇതോടെ ട്രെയിൻ കഴക്കൂട്ടത്ത് നിർത്തിയിട്ടു. ലോക്കോ പൈലറ്റ് ഒരു കയറ് കൊണ്ട് വന്ന് കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു. കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് നശിച്ച നിലയിലാണ് ഫുട്ബോർഡ്.സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളിലിടക്കമുള്ള മിക്ക ബോഗികള്‍ക്കും 25 വര്‍ഷത്തിനടത്ത് പഴക്കമുണ്ട്. രാജ്യത്തെ മറ്റു റെയില്‍വേ ഡിവിഷനുകളില്‍ അത്യാധുനിക കോച്ചുകള്‍ എത്തുമ്പോഴാണ് കേരളത്തിന് മാത്രം ഈ ദുര്‍ഗതി. 1800 ഓളം കോച്ചുകളാണ് തിരുവനന്തപുരം ഡിവിഷന് കീഴിലുള്ളത്. എന്നാല്‍ ഇതില്‍ പകുതിയും കാലപ്പഴക്കം ചെന്നവയാണെന്ന് റെയില്‍വേ തന്നെ സമ്മതിക്കുന്നുണ്ട്.

പരമാവധി 25 വര്‍ഷമാണ് കോച്ചുകളുടെ കാലാവധി. ഈ ഡിവിഷനു കീഴില്‍ 200ലധികം കോച്ചുകള്‍ 20 വര്‍ഷത്തിലധികം പഴക്കമുള്ളതുമാണ്. 16നും 20നും ഇടയ്ക്ക് പഴക്കമുള്ള 450ഓളം കോച്ചുകളും 15 വര്‍ഷം വരെ പഴക്കമുള്ള 400ലധികം കോച്ചുകളുമുണ്ട്. അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള 350ഓളം കോച്ചുകളുമുണ്ട്. കാലപ്പഴക്കം കൂടിയ കോച്ചുകള്‍ സമയബന്ധിത അറ്റകുറ്റപ്പണികള്‍ക്ക് അയക്കുമ്പോള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൂടുതല്‍ സമയം വേണ്ടിവരുന്നുണ്ട്. ഇതിനു പകരം കോച്ചുകള്‍ തിരിച്ചുകിട്ടാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. കാലപ്പഴക്കം ചെന്ന കോച്ചുകള്‍ മാറ്റി പുതിയത് നല്‍കണമെന്ന ആവശ്യത്തിന് റെയില്‍വേയുടെ ഭാഗത്ത് നിന്നും അനുകൂലമായ സമീപനം ഉണ്ടാകുന്നില്ല.  
>

Trending Now