21 പ്രതിപക്ഷ കക്ഷികളുടെ ആദ്യബന്ദ്; വൻ പരാജയമെന്ന് കേന്ദ്രസർക്കാർ

webtech_news18 , News18 India
ന്യൂഡൽഹി: ഇന്ധന വിലവർദ്ധനവിന് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർത്തി പ്രതിപക്ഷ പാർട്ടികളുടെ ഭാരത് ബന്ദ്. മുംബൈ അടക്കമുളള നഗരങ്ങളിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ഗുജറാത്തിലും പശ്ചിമബംഗാളിലും പ്രതിഷേധ പ്രകടനം നടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തു. മോദിയെ അധികാരത്തിൽ നിന്നു പുറത്താക്കാൻ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടതായി രാഹുൽഗാന്ധി പറഞ്ഞു. എന്നാൽ ജനപിന്തുണ ഇല്ലാതിരുന്ന ബന്ദ് വൻ പരാജയമാണെന്നായിരുന്നു ബിജെപിയുടേയും കേന്ദ്രസർക്കാരിന്റേയും പ്രതികരണം.കോൺഗ്രസിന്‍റെ നേതൃത്വത്തിൽ 21 പ്രതിപക്ഷ കക്ഷികൾ ഒരേ ആശയത്തിനു കീഴിൽ വന്ന ആദ്യസമരമായിരുന്നു ഇന്നത്തെ ഭാരത് ബന്ദ്. കേരളത്തിന് പുറമെ കർണ്ണാടക, ബിഹാർ , പഞ്ചാബ് സംസ്ഥാനങ്ങളിൽ ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു. ഒഡീഷ, ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു. ഡൽഹിയിൽ രാജ്ഘട്ടിൽ നിന്ന് രാംലീല മൈതാനത്തേക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആംആദ്മി പാർട്ടി അടക്കം 16 പ്രതിപക്ഷ പാർട്ടികൾ മാർച്ച് നടത്തി.


ഇടത് പാർട്ടി നേതാക്കൾ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിന് ശേഷം അറസ്റ്റ് വരിച്ചു. തമിഴ്നാട്ടിൽ ഡിഎംകെ അടക്കമുളള പാർട്ടികൾ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. കർണാടകയിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സ്കൂളുകളും പെട്രോൾ പമ്പുകളും പൊലീസ് അടപ്പിച്ചു. മുൻകരുതലെന്ന നിലയിൽ മുംബൈ പിസിസി അധ്യക്ഷൻ സഞ്ജയ് നിരുപത്തെ വീട്ടുതടങ്കലിലാക്കി. എന്നാൽ, ബന്ദ് വൻ പരാജയമാണെന്നും ഇന്ധനവില വർദ്ധനവിന് കാരണം ബാഹ്യഘടകങ്ങൾ ആണെന്നുമായിരുന്നു സർക്കാരിന്‍റെ മറുപടി.ബിഹാറിലും മധ്യപ്രദേശിലും ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഗണശോത്സവമായതിനാൽ ഗോവയെ ബന്ദ് ബാധിച്ചില്ല. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും കോൺഗ്രസിനൊപ്പം പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും ജമ്മു കശ്മീരിനെയും ബന്ദ് സാരമായി ബാധിച്ചില്ല.
>

Trending Now