മഴവിൽ നിറമുള്ള വിധി; സ്വവർഗരതി ഇനി കുറ്റകരമല്ല, നിയമവിധേയം
രതി വ്യക്തിത്വത്തിന്റെ ഒരുഭാഗം മാത്രമാണ്. രതിയെ മാത്രമാണ് വിധിയിലൂടെ അംഗീകരിച്ചിരിക്കുന്നത്. രതിക്ക് അപ്പുറമുള്ള മാനുഷിക അവകാശങ്ങൾ കൂടി അംഗീകരിക്കപ്പെടേണ്ടതുണ്ട്. ഇതിന് പുതിയതരത്തിലുള്ള മുന്നേറ്റം വേണ്ടിവരും. ഈ വിഷയവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പരിമിതി അദൃശ്യത തന്നെയാണ്. വളരെ ചെറിയവിഭാഗം മാത്രമാണ് അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത്. സംസാരിക്കാൻ അധികം ആളില്ല. ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടല്ല, മറിച്ച് ദൃശ്യമാകുന്നവരുടെ എണ്ണത്തിൽ മാത്രമാണ് കുറവുള്ളത്. സമൂഹത്തിന്റെ ഭാഗമായുള്ള വിവാഹം പോലുള്ള അവകാശങ്ങൾ അംഗീകരിക്കപ്പെടണം. വിവേചന രഹിതമായ ജീവിതം നയിക്കാനുള്ള സാഹചര്യം കൂടി സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.
വിധിപ്രസ്താവം നടത്തിയ ഒരു ജഡ്ജി സൂചിപ്പിച്ചതുപോലെ സമൂഹം മാറിവരുന്നതിന്റെ അടയാളം കൂടിയാണ് ഇത്തരം സ്വീകാര്യതകൾ. മനുഷ്യാവകാശ വിഷയത്തെ പിന്തുണച്ചവരാണ് കേരളത്തിൽ ഈ വിഷയത്തിൽ പ്രതികരണം നടത്തി കണ്ടത്. ഉത്തരേന്ത്യയിലൊക്കെ സിനിമാതാരങ്ങളും പൊതുരംഗത്ത് നിൽക്കുന്നവരും പ്രതികരിക്കുന്നുണ്ട്. കേരളത്തിലുള്ള പൊതുപ്രവർത്തകരടക്കമുള്ള വിധിയെ എങ്ങനെ നോക്കികാണുന്നുവെന്ന് അറിയില്ല. കൂടുതൽ പേർ ഈ വിധിയെ പിന്തുണക്കുന്നുവെന്നാണ് മനസിലാക്കുന്നതെന്നും ജിജോ കുര്യാക്കോസ് പറഞ്ഞു.