കേരളം വെള്ളരിക്ക പട്ടണമോ? ബിഷപ്പിനെതിരെ നടപടി വൈകുന്നത് വിചിത്രമെന്ന് ശ്രീധരന്‍പിള്ള

webtech_news18
ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ട ജലന്ധര്‍ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഉണ്ടാവുന്ന കുറ്റകരമായ കാലതാമസം കുറ്റവാളി രക്ഷപെടുന്നതിനുള്ള പഴുതുകള്‍ വര്‍ധിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള.കേരളത്തില്‍ ഇടത് മുന്നണി ഭരണത്തിന്‍ കീഴില്‍ കോണ്‍ഗ്രസ് മുന്നണിയുടെ ഒത്താശയോടെ നിയമവാഴ്ചയുടെ മരണമണി മുഴങ്ങുകയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഇരു മുന്നണികളുടെയും സൗകര്യത്തിനൊത്ത് ഭരണഘടനയും നിയമവും വ്യാഖ്യാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.


സ്ത്രീപീഡന കേസില്‍ പ്രതിസ്ഥാനത്തുള്ള ഫ്രാങ്കോയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ നിയമ സംവിധാനം എന്തുകൊണ്ട് നിശ്ചലമാവുന്നു എന്ന ചോദ്യത്തിന് ഭരണകര്‍ത്താക്കളില്‍ നിന്ന് മറുപടി കിട്ടേണ്ടിയിരിക്കുന്നു. ഒരു സ്ത്രീപീഡനകേസില്‍ ഇരയുടെ മൊഴി മാത്രം മതി കുറ്റവാളിയെ ശിക്ഷിക്കാനെന്നിരിക്കെ ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള പരാതികള്‍ ഉണ്ടായിട്ടും ആരോപണ വിധേയനായ ബിഷപ്പിനെതിരെ നടപടി വൈകുന്നു എന്നത് വിചിത്രമാണ്.പത്ത് പ്രാവശ്യമാണ് അവര്‍ പരാതി നല്‍കിയത്. ക്രിമിനല്‍ നടപടിക്രമത്തിന്റെ 164 ആം വകുപ്പ് പ്രകാരം ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ മൊഴിയും നല്‍കിയിട്ടും ഒരു സ്ത്രീ പീഡനകേസില്‍ പ്രത്യേക തെളിവാവശ്യപ്പെടുന്ന കേരളാ പൊലീസും സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നടപടികള്‍ മനപ്പൂര്‍വം വൈകിക്കുകയും പ്രതിക്ക് രക്ഷപെടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ശ്രീധരന്‍ പിള്ള പ്രസ്താവിച്ചു.

ആരോപണ വിധേയനായ വ്യക്തിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.ഐ.പി.സിയും സി.ആര്‍.പി.സിയുമൊക്കെ കാറ്റില്‍ പറത്തുന്ന എകെജി സെന്ററിന്റെയും ഇന്ദിരാഭവന്റെയും സമീപനം കേരളം ഒരു വെള്ളരിക്ക പട്ടണമാണോ എന്ന ചോദ്യമാണുയര്‍ത്തുന്നത്. ബലാല്‍സംഗക്കുറ്റത്തിന് ഇരയുടെ മൊഴിക്ക് പുറമെ മറ്റ് തെളിവുകളോ ദൃക്സാക്ഷികളോ ആവശ്യമില്ലന്നറിയാത്തവരാണോ കേരളത്തിലെ കുറ്റാന്വേഷകരും നിയമപാലകരുമെന്ന് എന്നദ്ദേഹം ചോദിച്ചു.

എന്തുകൊണ്ട് മിനിമം നടപടി പോലും ഈ ഹീനമായ കുറ്റത്തില്‍ 164 പ്രകാരം മൊഴികൊടുത്തിട്ട് 75 ദിവസം പിന്നിട്ടിട്ടും ഉണ്ടാകുന്നില്ല. കുറ്റാരോപിതരാനായ വ്യക്തി സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കൈയയച്ച് സഹായിക്കുന്ന രാഷ്ട്രീയ മേലാളനെപ്പോലെ ആണെന്നതാണോ അതിന് കാരണം? - ശ്രീധരന്‍പിള്ള ചോദിച്ചു. 
>

Trending Now