അരക്കോടിയുടെ ബ്രൗൺ ഷുഗറുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ

webtech_news18
കോഴിക്കോട്:  കേരളം, കർണാടക സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് കച്ചവടക്കാർക്ക് ബ്രൗൺ ഷുഗർ വിതരണം ചെയ്യുന്ന മാഫിയയിലെ പ്രധാന കണ്ണിയായ രാജസ്ഥാൻ സ്വദേശി പിടിയിൽ. രാജസ്ഥാനിലെ പ്രതാപ് ഘട്ട് സ്വദേശി ഭരത് ലാൽ ആജ്ന(36)ആണ് വിൽപനക്കായി കൊണ്ടുവന്ന 500 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിലായത്.കുന്നമംഗലം എസ്.ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ കുന്നമംഗലം പൊലീസും കോഴിക്കോട് സിറ്റി ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് കട്ടാങ്ങൽ എൻ.ഐ.ടി പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.


ബ്രൗൺ ഷുഗറിന്റെ ഓവർഡോസ് മൂലം കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ കോഴിക്കോട് ജില്ലയിൽ നാല് പേർ മരണപ്പെട്ടിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം അന്വേഷണം നടന്നുവരികയായിരുന്നു.അന്വേഷണത്തിൽ  കോഴിക്കോടിന് പുറമെ മംഗലാപുരം, കാസർഗോഡ് ഭാഗങ്ങളിലും ഇയാളാണ് ബ്രൗൺ ഷുഗർ എത്തിച്ച് നൽകുന്നതെന്ന് പൊലീസ് കണ്ടെത്തി. മാസത്തിൽ ഒരു തവണ ഇയാൾ ബ്രൗൺഷുഗറുമായി കേരളത്തിലെത്തുമെന്ന്  മനസിലാക്കിയ പൊലീസ് കഴിഞ്ഞ മാസം ഇയാൾക്കായി വലവിരിച്ചെങ്കിലും പിടികൂടാനായില്ല. ഇത്തവണ കോഴിക്കോട്ടേക്കുള്ള ബ്രൗൺ ഷുഗറുമായി ഇയാൾ രാജസ്ഥാനിൽ നിന്നും പുറപ്പെട്ടതായി വിവരം ലഭിച്ച പൊലീസ് കാസർഗോഡ് ജില്ലയിൽ പ്രവേശിച്ചതു മുതൽ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.ഓരോ തവണ കേരളത്തിലെത്തുമ്പോഴും വ്യത്യസ്തമായ സ്ഥലങ്ങളിൽ വെച്ചാണ് ഇയാൾ ബ്രൗൺ ഷുഗർ ഇടനിലക്കാർക്ക് കൈമാറാറുള്ളത്. 
>

Trending Now