പികെ ശശിക്കെതിരായ ആരോപണം; സിപിഎമ്മിനെ ട്രോളി വിടി ബൽറാം

webtech_news18 , News18
പികെ ശശി എംഎൽഎക്കെതിരായ ലൈംഗിക ആരോപണത്തിൽ സിപിഎമ്മിനെ ട്രോളി കോൺഗ്രസ് നേതാവ് വിടി ബൽറാം. എ കെ ജി വിഷയത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ ആയുധമാക്കിയാണ് സിപിഎമ്മിനെതിരെ പരിഹാസവുമായി ബൽറാം രംഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് പരിഹാസം.എകെജി വിഷയത്തിൽ തന്റെ പരാമർശങ്ങളിൽ മാപ്പു പറഞ്ഞു കൊണ്ടാണ് ബൽറാമിന്റെ പരിഹാസം. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തർക്കത്തിനിടിയിൽ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ തന്റെ ഭാഗത്തു നിന്നുണ്ടായ അനുചിതമായ പരാമർശത്തെ തുടർന്ന് അദ്ദേഹത്തിന്റെ അനുയായികൾക്കും അതോടൊപ്പം ' ഒളിവുകാലത്തെ വിപ്ലവ പ്രവർത്തനം' എന്ന പരാമർശത്തിലൂടെ കമ്മ്യൂണിസ്റ്റ് അനുഭാവികളായ സ്ത്രീകൾക്കുണ്ടായ മനോവിഷമത്തിലും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അറിയിച്ചു കൊണ്ടാണ് ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.


സ്ത്രീ സംരക്ഷണ കാര്യത്തിലും കമ്മ്യൂണിസ്റ്റ് ആരോഗ്യ സംരക്ഷണ കാര്യത്തിലുമുള്ള ആത്മാര്‍ഥത കൊണ്ടാണ് ചില ഇടത് സംഘടനകൾ തന്റെ ഓഫീസ് തകർത്തതെന്നും തന്നെ ആക്രമിച്ചതും തന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തെ തടസപ്പെടുത്തിയതുമെന്നും ഇപ്പോൾ തിരിച്ചറിയുന്നുവെന്നും ബൽറാം പരിഹസിക്കുന്നു. ‌കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലം മുതൽ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും പാർട്ടിക്ക് പാർട്ടിയുടേതായ സംവിധാനങ്ങളും രീതികളും ഉണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടിക്കകത്തുള്ളവരോടും പുറത്തുള്ളവരോടും വിവേചനമില്ലെന്നുമുള്ള വസ്തുതയും ഈയടുത്താണ് മനസ്സിലായതെന്നും ബൽറാം പറയുന്നു.തന്റെ ഭാഗത്തുനിന്നുണ്ടായത് അക്ഷന്തവ്യമായ അപരാധമാണെങ്കിലും തിരിച്ച് എന്നോട് അങ്ങേയറ്റം മാന്യവും സംസ്ക്കാര സമ്പന്നവുമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ച് എന്റെ തെറ്റ് ബോധ്യപ്പെടുത്തിയ സൈബർ സിപിഎമ്മുകാർക്കും, എന്നും എപ്പോഴും സമാന നിലപാടുകൾ ഉറക്കെപ്പറയാൻ ആർജ്ജവം കാണിച്ചിട്ടുള്ള നിഷ്പക്ഷ സാംസ്ക്കാരിക നായകന്മാർക്കും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ബൽറാം പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

>

Trending Now