കലോത്സവം ഉണ്ടെന്ന് ഡി.പി.ഐ; ഒരു വര്‍ഷത്തേക്ക് ഒന്നും വേണ്ടെന്ന് ഹജൂര്‍ കച്ചേരി; വ്യക്തതയില്ലാതെ മന്ത്രിമാര്‍; കണ്‍ഫ്യൂഷനിലായി ജനം

webtech_news18
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം മാറ്റി വച്ചോ? മറ്റിയെന്നും മാറ്റിയില്ലെന്നുമുള്ള വാദവുമായി വിവധ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടി രംഗത്തെത്തിയതോടെ ശരിക്കും കണ്‍ഫ്യൂഷനിലായത് ജനങ്ങളാണ്.ചൊവ്വാഴ്ച രാവിലെ പത്രം വായിച്ചപ്പോഴാണ് ഇത്തവണ കലോത്സവം ഇല്ലെന്ന് പലരും ആദ്യം അറിഞ്ഞത്. പ്രളയക്കെടുതിയിയെ തുടര്‍ന്നാണ് തീരുമാനമെന്നും വ്യക്തമായി. എന്നാല്‍ തൊട്ടുപിന്നാലെ തിരുത്തുമായി ഡി.പി.ഐ മോഹന്‍കുമാര്‍ രംഗത്തെത്തി. കലോത്സവം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഈ മാസം ഏഴിന് നടക്കുന്ന ക്യു.ഐ.പി മോണിറ്ററിംഗ് സമിതി അന്തിമ തീരുമാനം എടുക്കുമെന്നുമായിരുന്നു ഡി.പി.ഐയുടെ വിശദീകരണം.


ഡി.പി.ഐയുടെ വിശദീകരണം വിശ്വസിച്ച് ആദ്യവാര്‍ത്ത ജനം മറക്കാന്‍ ശ്രമിക്കുന്നതിനിടെ ദാ വരുന്നു ഹജൂര്‍ കച്ചേരിയില്‍ നന്ന് പൊതുഭരണവകുപ്പിന്റെ ഓല!സ്‌കൂള്‍ കലോത്സവം മാത്രമല്ല രാജ്യാന്തര ചലച്ചിത്രമേള ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയെന്നായിരുന്നു ഉത്തരവിലെ സാരം.സെക്രട്ടേറിയറ്റില്‍ നിന്നുള്ള ഈ ഉത്തരവ് കൂടി പുറത്തിറങ്ങിയതോടെ ജനം വീണ്ടും കണ്‍ഫ്യൂഷനിലായി. ഏതായാലും ആഘോഷത്തിനു ചെലവാകുന്ന പണം മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേക്ക് കണ്ടുകെട്ടുമെന്നു കൂടി പൊതുഭരണ വകുപ്പ് പ്രഖ്യാപിച്ചതില്‍ പലരും ആശ്വസിച്ചു. എന്നാല്‍ ആ ആശ്വാസവും അധികനേരം നീണ്ടില്ലകണ്‍ഫ്യൂഷനിലായ പൊതുജനത്തെ കൂടുതല്‍ കണ്‍ഫ്യൂഷനിലാക്കി മന്ത്രിമാര്‍ കൂടി രംഗത്തിറങ്ങിയതാണ് പുതിയ കണ്‍ഫ്യൂഷനിലേക്കു നയിച്ചത്.മേളകള്‍ മാറ്റി വച്ചാല്‍ ശ്മശാന മൂകത ഉണ്ടാകുമെന്നും കുട്ടികളുടെ മാനസിക ആശ്വാസം ഇല്ലാതാക്കുമെന്നുമുള്ള പ്രതികരണവുമായി മന്ത്രി എ.കെ ബാലനാണ് ആദ്യം രംഗത്തെത്തിയത്.ദുരന്തം നേരിട്ടതിനാല്‍ മാനുഷിക പരിഗണനയുടെ ഭാഗമായാണ് കലോല്‍സവങ്ങള്‍ വേണ്ടെന്ന് വച്ചതെന്നു മന്ത്രി കെ.റ്റി ജലീലും വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍ രണ്ടഭിപ്രായം ഉദ്യോഗസ്ഥര്‍ക്കു മാത്രമല്ല മന്ത്രിമാര്‍ക്കുമുണ്ടെന്ന് വ്യക്തമായി. മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു കണ്‍ഫ്യൂഷന്‍ ഉണ്ടാകുമായിരുന്നില്ലെന്ന അഭിപ്രായം പങ്കുവച്ചവരുമുണ്ട്.സര്‍ക്കാരാകുമ്പോള്‍ സങ്കേതിക പ്രശനങ്ങള്‍ പലതും ഉണ്ടാകാം. അതൊക്കെ വിശദീകരിച്ച് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ തടിതപ്പാനുമാകും. അത് എന്തൊക്കെ ആയാളും ഇനി ജനത്തിന് അറിയേണ്ടത് ഒന്നേയുള്ളു. ശരിക്കും കലോത്സവം നടക്കുമോ?
>

Trending Now