പ്രളയക്കെടുതി ഭരണകൂട കൊലപാതകമെന്ന് സിപിഐ മാവോയിസ്റ്റ്

webtech_news18 , News18 India
കൽപ്പറ്റ: സംസ്ഥാനത്ത് നടന്ന പ്രളയക്കെടുതി ഭരണകൂട കൊലപാതകമാണെന്ന് സി പി ഐ മാവോയിസ്റ്റ്. കൈപ്പടയിൽ എഴുതി പുറത്തിറക്കിയ കുറിപ്പിലാണ് സി പി ഐ മാവോയിസ്റ്റ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇവരുടെ പേരിൽ ബാനറുകളും പതിച്ചിട്ടുണ്ട്. പ്രളയം രണ്ടു മാസം മുമ്പ് തിരിച്ചറിഞ്ഞിട്ടും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനോ വേണ്ടത്ര കരുതലെടുക്കാനോ തയ്യാറാകാതിരുന്ന സർക്കാർ ഇപ്പോൾ നടത്തുന്ന മുതലക്കണ്ണീർ കാപട്യമാണെന്നും ആരോപിക്കുന്നു.ഇത് ഭരണകൂട കൊലപാതകമാണ്. ഡാമുകളിൽ സൂക്ഷിച്ച വെള്ളം കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ കൈകാര്യം ചെയ്യാതെ ജനങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്നവർ മാപ്പർഹിക്കുന്നില്ല. കുന്നുകൾ തകർത്തും ക്വാറികൾ നിർമ്മിച്ചും കാടുകൾ നശിപ്പിച്ചും മുന്നേറുന്ന സാമ്രാജ്യത്വവും ദല്ലാൾ മുതലാളിത്തവും നടത്തുന്ന ലാഭം മാത്രം മനസിൽ കണ്ടുകൊണ്ടുള്ള വികസനനയമാണ് ദുരന്തങ്ങൾക്ക് കാരണമെന്നും കുറ്റപ്പെടുത്തുന്നു.


സി പി ഐ മാവോയിസ്റ്റ് കബനി ഏരിയ കമ്മിറ്റിയുടെ പേരിലാണ് കുറിപ്പ് പ്രചരിക്കുന്നത്. സർക്കാർ നോക്കുകുത്തിയായപ്പോൾ ജനങ്ങളെ സേവിച്ച മനുഷ്യസ്നേഹികൾക്ക് ചുവപ്പൻ അഭിവാദ്യങ്ങളും അറിയിക്കുന്നുണ്ട് കുറിപ്പിൽ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെയും കസ്തൂരിരംഗൻ റിപ്പോർട്ടിനെയും തള്ളിക്കളയണമെന്നും ആവശ്യപ്പെടുന്നുണ്ട്.
>

Trending Now