പ്രളയക്കെടുതി: പാമ്പുകടിയേറ്റാൽ പേടിക്കേണ്ട, വനംവകുപ്പ് നിങ്ങളെ കാത്തുകൊള്ളും

webtech_news18 , News18 India
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിക്ക് ശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങുകയാണ്. എന്നാൽ, വെള്ളപ്പൊക്കത്തിനൊപ്പം വന്ന പാമ്പുകളാണ് ഇപ്പോൾ ഭീഷണിയായിരിക്കുന്നത്. ഒരു വീട്ടിൽ നിന്ന് മാത്രം 35 പാമ്പുകളെ പിടികൂടിയ സംഭവവും പ്രളയത്തിനു ശേഷം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, പാമ്പുകളെ പേടിക്കേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വനംവകുപ്പ്.പ്രളയത്തിനു ശേഷം വീട്ടിൽ മടങ്ങിയെത്തിയവർക്ക് പാമ്പുകടിയേറ്റാൽ അതിന്‍റെ ചികിത്സാ ചെലവ് വനംവകുപ്പ് വഹിക്കും. പാമ്പുകടിയേറ്റവർ ചികിത്സയ്ക്ക് ചെലവായ തുക ചികിത്സാ രേഖകൾ ഉൾപ്പെടെ സമർപ്പിച്ചാൽ വനംവകുപ്പ് ആ തുക തിരികെ നൽകുന്നതായിരിക്കും. പാമ്പുകടിക്ക് ചികിത്സ തേടുന്നവർക്ക് ഫോറസ്റ്റ് കൺട്രോൾ റൂം നമ്പറായ 8547604222 ൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾക്ക് വനം വകുപ്പിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക.


പ്രളയബാധിത പ്രദേശങ്ങളിൽ പാമ്പുകളെ കണ്ടാൽ അതിനെ പിടികൂടാനും വനംവകുപ്പിന്‍റെ സഹായം തേടാവുന്നതാണ്. ഇതിനായി, കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി രണ്ടു സംഘങ്ങൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് മലയാറ്റൂർ ഡി എഫ് ഒ എ രഞ്ജൻ അറിയിച്ചു.പാമ്പുകടിയേറ്റ് ആരെങ്കിലും മരിച്ചാൽ അവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും. പാമ്പുകടിയേൽക്കുന്നവർക്ക് 35, 000 രൂപ വരെ ചികിത്സാച്ചെലവ് നൽകുന്നതായിരിക്കും. വനംവകുപ്പിന്‍റെ വെബ്സൈറ്റിൽ ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
>

Trending Now