ദുരിതാശ്വാസ നിധിയിലേക്ക് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ നിന്ന് ലക്ഷങ്ങൾ എത്തിയത് ഇങ്ങനെ...

webtech_news18
ചണ്ഡീഗഡ്: ആഴ്ചകളായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തിന്റെ പലകോണുകളിൽ നിന്നും സഹായം പ്രവഹിക്കുകയാണ്. ഇതിൽ ഒരു വലിയ പങ്ക് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലെ അന്യായക്കാരിൽ നിന്നാണ്.പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാർ അന്യായക്കാരിൽ നിന്ന് 2500 രൂപ മുതൽ 50,000 രൂപവരെ പിഴ ചുമത്തി കേരളത്തിന്റെ പുനർനിർമിതിക്കുള്ള ഫണ്ടിലേക്ക് നൽകുകയാണ്. ചൊവ്വാഴ്ചവരെ 80 ഉത്തരവുകളാണ് ഇത്തരത്തിൽ ജഡ്ജിമാര്‍ പുറപ്പെടുവിച്ചത്. ഉത്തരവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഐ.എഫ്.എസ്.സി കോഡും ഉൾപ്പെടെ രേഖപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്താകമാനമുള്ള കോടതികളിലും സമാനമായ ഉത്തരവ് വരുന്നുണ്ട്. എന്നാൽ അവയൊന്നും പ‍ഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലേതിന് അത്ര വരില്ല.


ചീഫ് ജസ്റ്റിസ് കൃഷ്ണൻ മുരാരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ബർണാല ആസ്ഥാനമായ ഒരു കമ്പനിക്ക്, കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് വിധിച്ചത് 50,000 രൂപ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായിരുന്നു. ആകെയുള്ള 80 എണ്ണത്തിൽ ജസ്റ്റിസ് രാമേന്ദ്ര ജയിനാണ് 55ലും വിധി പുറപ്പെടുവിച്ചത്. ആഗസ്റ്റ് 20നും സെപ്തംബർ ഏഴിനും ഇടയിലായിരുന്നു ഇവയിലേറെയും. കീഴ്കോടതികളിൽ നിന്ന് കേസ് എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് എത്തിയ കേസുകളാണ് ഇവയിലേറെയും. കേസ് തള്ളുന്നതിന് മുന്നോടിയായി പതിനായിരംരൂപ കോടതിയിൽ അടയ്ക്കാനാണ് ഉത്തരവ്. ഇതിൽ 8000 രൂപ കേരളത്തിനും ബാക്കി രണ്ടായിരം രൂപ പഞ്ചാബ്-ഹരിയാന ബാർ കൗണ്‍സിലിലേക്കും.മറ്റ് രണ്ട് കേസുകളിൽ ജസ്റ്റിസ് ഹരിപാൽവർമ 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കാൻ ഉത്തരവിട്ടു. കൂടാതെ ജസ്റ്റിസ് മുരാരിയും മറ്റ് മുതിർന്ന ജഡ്ജിമാരും 10,000 രൂപ വീതം സംസ്ഥാനത്തിന്റെ ദുിരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ നിന്ന് ഇതുവരെ 1.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയെന്നാണ് വിവരം.
>

Trending Now