ജലന്ധർ ബിഷപ്പിനെതിരായ കേസ്; അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമർപ്പിക്കാൻ നിർദ്ദേശം

webtech_news18 , News18 India
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ജലന്ധര്‍ ബിഷപ്പിന് എതിരായ ബലാത്സംഗകേസില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കിയത്.ബിഷപ്പിന്‍റെ മൊഴിയെടുത്ത ശേഷം കേസിലുണ്ടായ പുരോഗതി വ്യക്തമാക്കണം. അന്വേഷണത്തിന്‍റെ ഭാഗമായി ബിഷപ്പിനെ ഇനിയും ചോദ്യം ചെയ്യേണ്ടതില്ലേ എന്നു കോടതി ചോദിച്ചു. ഇരയായ കന്യാസ്ത്രീക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഹര്‍ജി നല്‍കിയ ജോര്‍ജ് വട്ടുകുളത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ കൈക്കൊണ്ട നടപടി വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് വ്യാഴാഴ്ച പരിഗണിക്കും.


അതേസമയം, നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ഈയാഴ്ച തന്നെ നോട്ടീസ് നല്‍കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ബുധനാഴ്ച ഐജിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിന് ശേഷമായിരിക്കും തുടര്‍നടപടിയില്‍ അന്തിമ തീരുമാനം. കന്യാസ്ത്രീയുടെ പരാതി വത്തിക്കാന്‍ സ്ഥാനപതിക്കു കൈമാറുക മാത്രമാണ് ചെയ്തതെന്നും ഉള്ളടക്കത്തെക്കുറിച്ച് അറിയില്ലെന്നും ഭഗല്‍പൂര്‍ ബിഷപ്പ് കുര്യന്‍ വലിയകണ്ടം മൊഴി നല്‍കി. കവറില്‍ സീല്‍ ചെയ്ത് നല്‍കിയ പരാതി തുറന്നു വായിച്ചിട്ടില്ലെന്നാണ് ഭഗല്‍പൂര്‍ ബിഷപ്പിന്‍ മൊഴി. ബിഷപ്പിന് എതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു.
>

Trending Now