മൊഴികളിൽ വൈരുധ്യമെന്ന് ഐ.ജി; 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസയച്ചു

webtech_news18
കൊച്ചി: ഈ മാസം 19ന് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി അന്വേഷണത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ഐ.ജി വിജയ് സാക്കറെ അറിയിച്ചു. അതിനുശേഷമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കൂവെന്ന് ഐ.ജി പറഞ്ഞു. കൊച്ചിയിൽ ആറുമണിക്കൂറോളം നീണ്ട അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതന്റെയും പരാതിക്കാരിയുടെയും മറ്റുള്ളവരുടെയും മൊഴികളിൽ വൈരുധ്യമുണ്ട്. ഇത് നീക്കിയില്ലെങ്കിൽ കുറ്റാരോപിതനായിരിക്കും ആനുകൂല്യം ലഭിക്കുക. പരാതിക്കാർക്ക് നീതിനിഷേധിക്കപ്പെടുന്നതിന് ഇത് കാരണമായേക്കാം. വൈരുധ്യം നീക്കിയില്ലെങ്കിൽ നല്ലരീതിയിൽ കുറ്റപത്രം സമർപ്പിക്കാനും കഴിയില്ല.


പൊലീസ് അന്വേഷണം ശരിയായരീതിയിലാണ്. മന്ദഗതിയിലാണെന്ന ആരോപണം ശരിയല്ല. ദിനംപ്രതി കേസിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്. ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ വിശദമായ റിപ്പോർട്ടാണ് ഹൈക്കോടതിയിൽ സമർപ്പിക്കുക. കേസുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികളുണ്ട്. പഴയ സംഭവമാണ്. ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്തുക ബുദ്ധിമുട്ടാകുമെന്നും വിജയ് സാക്കറെ പറഞ്ഞു. 
>

Trending Now