പ്രളയദുരന്തത്തിനിടെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന യാത്ര : ചിലവ് 25 ലക്ഷം

webtech_news18 , News18 India
സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള ശ്രമം തുടരുന്നതിനിടെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന യാത്ര വിവാദത്തില്‍. വകുപ്പിലെ 18 ഉദ്യോഗസ്ഥരാണ് ഔദ്യോഗിക പരിശീലനത്തിനായി ഗുജറാത്തിലേക്ക് പോയത്. ഏകദേശം 25 ലക്ഷത്തോളം രൂപയാണ് ഇതിന് ചിലവ്.പ്രളയം തകര്‍ത്തെറിഞ്ഞ സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാനായി ലോകമെമ്പാടുമുള്ള മലയാളികളോട് മുഖ്യമന്ത്രി സഹായ അഭ്യര്‍ത്ഥന നടത്തിയിരുന്നു. പലയിടങ്ങളില്‍ നിന്നായി സഹായങ്ങള്‍ എത്തുന്നുമുണ്ട്. ഇത്തരത്തില്‍ സഹായം ഉപയോഗപ്പെടുത്തി ദുരിതക്കെടുതിയില്‍ നിന്ന് കേരളം കരകയറാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ലക്ഷങ്ങള്‍ ചിലവാക്കി ഉദ്യോഗസ്ഥരെ പരിശീലനത്തിനയച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇവരെ തിരികെ വിളിക്കണമെന്ന ആവശ്യവും ശക്തമാണ്.


30 ഉദ്യോഗസ്ഥരെ ഗുജറാത്തിലേക്ക് അയക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കൃഷ്ണകുമാര്‍ ഉള്‍പ്പെടെ ചിലര്‍ യാത്രയില്‍ നിന്ന് സ്വയം പിന്‍മാറി. തുടര്‍ന്നാണ് 18 പേര്‍ ഗുജറാത്തിലേക്ക് തിരിച്ചത്. അതേസമയം ഉദ്യോഗസ്ഥരുടെ ഗുജറാത്ത് യാത്രയെ ന്യായീകരിക്കുന്ന നിലപാടാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. പ്രളയവുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുതെന്നും മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണിതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.പ്രളയം തകര്‍ത്ത സംസ്ഥാനത്തെ തിരികെപിടിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുമെന്നും ഇതിനായി സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചിരുന്നു.സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവം, ചലച്ചിത്രമേള എന്നിവയടക്കം റദ്ദു ചെയ്ത് ആ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും അറിയിച്ചിരുന്നു. ഇത്രയൊക്കെ ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുന്നതിനിടെയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ഉദ്യോഗസ്ഥരുടെ പരിശീലനയാത്രയും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും.
>

Trending Now