ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി അന്വേഷണസംഘം

webtech_news18 , News18 India
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി അന്വേഷണസംഘം. കേസിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി പൊലീസിന്റെ ഉന്നതതലയോഗം ഇന്ന് വൈകുന്നേരം കൊച്ചിയില്‍ ചേരും. കന്യാസ്ത്രീക്കെതിരായ കൂടുതല്‍ കടുത്ത അധിക്ഷേപങ്ങളുമായി ജലന്ധര്‍ രൂപത രംഗത്തെത്തിയതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് കന്യാസ്ത്രീകളും.കേസിലെ വിശദമായ അന്വേഷണറിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നാളെ സമര്‍പ്പിക്കണമെന്നിരിക്കെയാണ് അന്വേഷണസംഘം ഇന്ന് കൊച്ചിയില്‍ യോഗം ചേരുന്നത്. ചോദ്യം ചെയ്യലില്‍ ഹാജരാവണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വ്യാഴാഴ്ച നോട്ടീസ് നല്‍കാനാണ് അന്വേഷണസംഘം തയ്യാറെടുക്കുന്നത്.


ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റുമാനൂരിലെത്തണമെന്ന് ആവശ്യപ്പെട്ടായിരിക്കും നോട്ടീസ്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ ഐജിയുടെ സാന്നിധ്യത്തില്‍ ഇന്ന് നടക്കുന്ന ഉന്നതതല യോഗം ചര്‍ച്ച ചെയ്യും. അതിനിടെ ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച ജലന്ധര്‍ രൂപതയുടെ പുതിയ കുറിപ്പിനോട് രൂക്ഷമായ ഭാഷയിലാണ് കന്യാസ്ത്രീയുടെ ബന്ധുക്കളും പ്രക്ഷോഭം നടത്തുന്ന കന്യാസ്ത്രീകളും പ്രതികരിച്ചത്.ഭരണപക്ഷ യുവജനസംഘടനയായ എഐവൈഎഫിനൊപ്പം സിപിഐയുടെ പോഷകസംഘടനകളും സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സാംസ്കാരിക-സിനിമാ മേഖലകളിലെ കൂടുതല്‍ പ്രവര്‍ത്തകരും സമരമുഖത്തെത്തിയേക്കും. കൊച്ചിക്കു പുറമേ തിരുവനന്തപുരത്തും സമരമുഖം തുറക്കാനുള്ള ആലോചനകളും പുരോഗമിയ്ക്കുകയാണ്.
>

Trending Now